കുംഭമേള സമയത്ത് ക്ഷേത്രത്തിലേക്ക് വലിയരീതിയിൽ സംഭാവനയെത്തി. ഈ അവസരം മുതലെടുത്ത് വൻ കവർച്ചയാണ് പ്രതികൾ നടത്തിയതെന്നും കുംഭമേള സീസണിൽ സംഭാവനയിൽനിന്ന് പരമാവധി അപഹരിച്ചതായും പൊലീസ് പറഞ്ഞു.
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞവർഷത്തെ കുംഭമേള കാലത്താണ് പ്രതികൾ വൻതോതിൽ ക്ഷേത്രത്തിൽനിന്ന് കവർച്ച നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സംഭാവനക്കൊള്ളയിൽ അറസ്റ്റിലായ എട്ടുപ്രതികളിൽ പലരും 2025-ലെ കുംഭമേളയ്ക്ക് മുൻപ് തന്നെ ചെറിയരീതിയിൽ മോഷണം നടത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. എന്നാൽ, കുംഭമേള സമയത്ത് ക്ഷേത്രത്തിലേക്ക് വലിയരീതിയിൽ സംഭാവനയെത്തി. ഈ അവസരം മുതലെടുത്ത് വൻ കവർച്ചയാണ് പ്രതികൾ നടത്തിയതെന്നും കുംഭമേള സീസണിൽ സംഭാവനയിൽനിന്ന് പരമാവധി അപഹരിച്ചതായും പൊലീസ് പറഞ്ഞു.
ബന്ധുക്കളായ ലവ്കുഷ് മിശ്രയും അനുകൽപ് മിശ്രയുമാണ് ഏറ്റവും കൂടുതൽ പണം കവർന്നിട്ടുള്ളത്. ഈ പണം ഉപയോഗിച്ച് ഇരുവരും ധാരാളം വസ്തുവകകൾ വാങ്ങിക്കൂട്ടി. ഇതിൽ പലതും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസിലെ മറ്റൊരുപ്രതിയായ അവിനാശ് ശുക്ല സഹോദരന്റെ യോഗ സെന്ററിൽ ഒളിപ്പിച്ച പണവും പൊലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജൂൺ അഞ്ചാം തീയതി നടത്തിയ പരിശോധനയിലാണ് നാല് പെട്ടികളിലായി സൂക്ഷിച്ച പണം കണ്ടെടുത്തത്. പെട്ടികൾക്കുള്ളിൽ പുതപ്പിൽ പൊതിഞ്ഞനിലയിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയായ ചമ്പത് റായിയുടെ ഡ്രൈവർ ടിന്നു യാദവും വൻതോതിൽ പണം കവർന്നിരുന്നു. സംഭാവനയായി ലഭിച്ച പണം എണ്ണുന്ന മുറിയുടെ താക്കോലുകളിൽ ഒന്ന് ടിന്നു യാദവിന്റെ കൈവശമാണുണ്ടായിരുന്നത്. രണ്ടാമത്തെ താക്കോൽ പണമെണ്ണുന്ന ചുമതലയുണ്ടായിരുന്ന ബാങ്ക് ജീവനക്കാരന്റെ കൈയിലുമായിരുന്നു. ഇരുവരും ഒത്തുചേർന്നാണ് ഇവിടെനിന്ന് പണം അപഹരിച്ചതെന്നും ഇതിൽനിന്ന് ബാങ്ക് ജീവനക്കാരും ഒരുവിഹിതം കൈക്കലാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ബിഐയുടെ ചില ജീവനക്കാരും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ക്ഷേത്രത്തിൽ സംഭാവനയായി ലഭിക്കുന്ന പണം എണ്ണിതിട്ടപ്പെടുത്താൻ എസ്ബിഐയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, എസ്ബിഐ ഇത് സ്വകാര്യ ഏജൻസിക്ക് കൈമാറി. ക്ഷേത്രത്തിലെ നാല് സംഭാവനപ്പെട്ടികളിൽനിന്നുള്ള പണം എണ്ണാനായി 14 പേരുള്ള സംഘമാണുണ്ടായിരുന്നതെന്നും ഇതിൽ 11 പേർ ബാങ്ക് ജീവനക്കാരും മൂന്ന് പേർ ട്രസ്റ്റ് അംഗങ്ങളായിരുന്നെന്നും പൊലീസ് പറഞ്ഞു.
അയോധ്യയിലെ സംഭാവനക്കൊള്ളയിൽ എട്ടുപ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. അവിനാശ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, ടിന്നു യാദവ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവരെയെല്ലാം ചൊവ്വാഴ്ച മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.


