
ദില്ലി: പ്രവാസി മലയാളി കുടുംബത്തിൽ നിന്നും പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങൾ തിരികെ നൽകാൻ കസ്റ്റംസ് വകുപ്പിന് ദില്ലി ഹൈക്കോടതി ഉത്തരവ്. ദുബായിൽ ജോലി ചെയ്യുന്ന പ്രവാസിയിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിടിച്ചെടുത്ത ആഭരണങ്ങൾ തിരികെ നൽകാനാണ് ദില്ലി ഹൈക്കോടതി ജഡ്ജി പ്രതിഭാ സിംഗ് ഉത്തരവിട്ടത്. തൃശൂർ സ്വദേശികളായ പ്രവാസി കുടുംബവും അടുത്ത ബന്ധുക്കളും വിവാഹ ആവശ്യത്തിനായി ദുബായിൽ നിന്ന് ദില്ലി വഴി കൊച്ചിയിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് സംഭവം.
പ്രവാസി മലയാളിയും ഇദ്ദേഹത്തിന്റെ ഭാര്യയും മകളും അടുത്ത കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേർ ധരിച്ചിരുന്ന സ്വർണ്ണമാണ് ദില്ലി വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ ഊരിവാങ്ങിയത്. ചെയിനും മാലയുമടക്കമാണ് ഊരി വാങ്ങിയത്. ഫൈൻ അടച്ചതിന് ശേഷമേ സ്വർണ്ണം വിട്ടു നൽകൂ എന്നായിരുന്നു കസ്റ്റംസിന്റെ നിലപാട്. ഇത് ചോദ്യം ചെയ്താണ് പ്രവാസി മലയാളി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച ഹൈക്കോടതി കസ്റ്റംസിന്റെ നിലപാടിനെതിരെ അതിരൂക്ഷമായ വിമർശനം ഉയർത്തിയാണ് സ്വർണ്ണാഭരണങ്ങൾ വിട്ടു നൽകാൻ ഉത്തരവിട്ടത്. സ്വകാര്യ ആവശ്യത്തിന് സ്ത്രീകൾ അടക്കം ഉപയോഗിക്കുന്ന സ്വർണ്ണം ഈ രീതിയിൽ പിടിച്ചെടുക്കുന്നത് ശരിയല്ലെന്ന് കോടതി നീരീക്ഷിച്ചു. സ്വർണ്ണത്തിന്റെ പേരിൽ ഈടാക്കിയ പിഴ തുക തിരികെ നൽകണമെന്നും കോടതി വ്യക്തമാക്കി. സ്ഥിരമായി കസ്റ്റംസ് നടത്തുന്ന ഈ രീതി നീതീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസി.കമ്മീഷണർ ഈ മാസം 27ന് നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കേസിൽ പ്രവാസി മലയാളി കുടുംബത്തിനായി അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത സുഭാഷ് ചന്ദ്രൻ എന്നിവർ ഹാജരായി.