
ചണ്ഡീഗഡ്: കൈക്കൂലി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ റെയ്ഡിൽ കണ്ടെത്തിയത് പണവും സ്വർണവും ആഢംബര വസ്തുക്കളുമടക്കം കോടിക്കണക്കിന് രൂപയുടെ ശേഖരം. പഞ്ചാബ് പോലീസിലെ ഡിഐജിയായ ഹർചരൺ സിംഗ് ഭുള്ളറിന്റെ വീട്ടിൽ നടന്ന റെയിഡിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. 8 ലക്ഷം കൈക്കൂലി ചോദിച്ച കേസിലെ അറസ്റ്റിന് പിന്നാലെയാണ് വീട്ടിൽ സിബിഐ പരിശോധന നടന്നത്. 5 കോടി പണമായും ആഢംബര കാറുകളും വാച്ചുകളുമടക്കം കണ്ടെത്തിയിട്ടുണ്ട്. ഒരു ക്രിമിനൽ കേസ് ഒത്തുതീർപ്പ് ചെയ്യാനാണ് ഒരു ബിസിനസുകാരനിൽ നിന്നും 8 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിവരം . 5 ദിവസം മുന്നേ നൽകിയ പരാതിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസെടുത്തത്. ആക്രി ബിസിനസുകാരനാണ് പരാതിക്കാരൻ. കൈക്കൂലി നൽകുന്നതിനിടെ ഇടനിലക്കാരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെയും കസ്റ്റഡിയിലെടുത്തത്.
കിടക്കയിലും ബാഗുകളിലുമായി ഏകദേശം 5 കോടി രൂപ പണമായി മാത്രം പിടിച്ചെടുത്തു. നോട്ടുകൾ എണ്ണാനായി മൂന്ന് കൗണ്ടിംഗ് മെഷീനുകൾ ഉപയോഗിക്കേണ്ടി വന്നു.1.5 കിലോഗ്രാമിലധികം വരുന്ന സ്വർണവും ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മെഴ്സിഡസ്, ഔഡി ഉൾപ്പെടെയുള്ള ആഢംബര കാറുകളുടെ താക്കോലുകളും രേഖകളും കണ്ടെത്തി. 22 വിലകൂടിയ വാച്ചുകൾ, തോക്കുകൾ, റിവോൾവറുകൾ, കൂടാതെ പഞ്ചാബിലെ വിവിധ സ്ഥലങ്ങളിലുള്ള വസ്തുക്കളുടെ രേഖകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.