
ദില്ലി: പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ (Sidhu Moose Wala) കൊലപാതകവുമായി ബന്ധപ്പെട്ട് ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയി കോടതിയെ സമീപിച്ചു. തീഹാര്‍ ജയിലിലുള്ള തന്നെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നുമാണ് ബിഷ്ണോയിയുടെ ആവശ്യം. മൂസേവാലയുടെ മരണത്തില്‍ ലോറൻസ് ബിഷ്ണോയി സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്വം ഏറ്റെടുത്തെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. ആക്രമികൾ സഞ്ചരിച്ച ദില്ലി രജിസ്ട്രേഷൻ കാറ് ഉൾപ്പെടെ രണ്ട് വാഹനങ്ങൾ പൊലീസ് കണ്ടെത്തി. പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വെച്ച് ഇന്നലെയാണ് സിദ്ദു വെടിയേറ്റ് മരിച്ചത്.
എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. കാറിന് നേരെ മുപ്പത് റൌണ്ടാണ് ആക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസേവാല മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. 28 കാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു. പഞ്ചാബില്‍ സിദ്ദു ഉള്‍പ്പടെ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.