കേസുണ്ടെന്നും പൊലീസ് സ്റ്റേഷനിലെത്താൻ പറഞ്ഞും ഫോൺ കോൾ; 'ഒതുക്കാൻ' തയ്യാറായതോടെ കൈയിലുള്ളതെല്ലാം പോയി

By Web TeamFirst Published Mar 23, 2024, 2:08 PM IST
Highlights

സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്താൻ വരാൻ വിസമ്മതം അറിയിച്ചപ്പോൾ എന്നാൽ പിന്നെ ഫോണിലൂടെ മൊഴി രേഖപ്പെടുത്താമെന്നായി തട്ടിപ്പുകാരൻ. പിന്നെയങ്ങോട്ട് കെണിയൊരുക്കി എല്ലാ വിവരങ്ങളും ശേഖരിച്ചു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ പേര് പറ‌ഞ്ഞു നടത്തിയ തട്ടിപ്പിൽ മുംബൈ സ്വദേശിക്ക് 8.2 ലക്ഷം രൂപ നഷ്ടമായി. തെളിവെടുപ്പിനെന്ന പേരിൽ വീഡിയോ കോൾ വിളിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചായിരുന്നു തട്ടിപ്പ്. ഒരു സ്വകാര്യ കമ്പനിയിൽ റിസർച്ചറായി ജോലി ചെയ്യുന്ന യുവാവിന് വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഫോൺ കോൾ ലഭിച്ചത്. നിയമവിരുദ്ധമായ പരസ്യങ്ങൾക്കും പൊതുജനങ്ങൾക്ക് മെസേജുകൾ അയക്കാനും നിങ്ങളുടെ ഫോൺ നമ്പ‍ർ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും നമ്പർ ഉടനെ ബ്ലോക്ക് ചെയ്യുമെന്നും അറിയിച്ചു. 

സംഭവത്തിൽ കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൊഴി രേഖപ്പെടുത്താൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തണമെന്നും വിളിച്ച തട്ടിപ്പുകാരൻ അറിയിച്ചു. വാട്സ്ആപിൽ ഇയാളുടെ ഡിപി പരിശോധിച്ചപ്പോൾ യൂണിഫോമിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്താൻ വരാൻ വിസമ്മതം അറിയിച്ചപ്പോൾ എന്നാൽ പിന്നെ ഫോണിലൂടെ മൊഴി രേഖപ്പെടുത്താമെന്നായി തട്ടിപ്പുകാരൻ.

ഫോണിൽ നിന്ന് സ്കൈപ്പ് ഉപയോഗിച്ച് എസ്.ഐ വിനയ് കുമാറിനെ ബന്ധപ്പെടാനായിരുന്നു അടുത്ത നിർദേശം. ആധാർ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വേണമെന്നും നിർദേശം നൽകി. സ്കൈപ്പിലൂടെ എസ്.ഐ എന്ന പേരിൽ വിളിച്ചയാൾ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ഈ ബാങ്ക് അക്കൗണ്ടുകൾ കള്ളപ്പണ ഇടപാടുകൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നും അടുത്ത മുഴക്കി. പ്രശ്നം പരിഹരിക്കാൻ ഒരു സിബിഐ ഓഫീസറെ ബന്ധപ്പെടാനും നിർദേശിച്ചു. 

പറഞ്ഞതുപോലെ 'സിബിഐ ഓഫീസറെ' വിളിച്ചപ്പോൾ മൊബൈൽ ബാങ്കിങ് ആപ് തുറന്ന് അതിൽ തന്റെ നമ്പർ ആഡ് ചെയ്യാൻ പറ‌ഞ്ഞു. ഇത് ചെയ്ത് കഴി‌ഞ്ഞതോടെ അക്കൗണ്ടിൽ നിന്ന് 8.2 ലക്ഷം രൂപ പിൻവലിച്ചതായി അറിയിച്ചുകൊണ്ടുള്ള മെസേജാണ് പിന്നെ കിട്ടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!