
ഹസാരിബാഗ്: സർക്കാർ ആശുപത്രിയിൽ പ്രസവ വേദനയിലായിരുന്ന യുവതിക്ക് പ്രവേശനം നിഷേധിച്ചതിൽ വിവാദം. കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചുവെന്ന് പറഞ്ഞാണ് നഴ്സുമാര്‍ യുവതിക്ക് ചികിത്സ നല്‍കാതിരുന്നത്. പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇതോടെ ഹസാരിബാഗ് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മനീഷ് ദേവി എന്ന യുവതിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ബുധനാഴ്ച ചൽക്കുഷ ബ്ലോക്കിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ സഞ്ചരിച്ച് ഹസാരിബാഗിലെ ഷെയ്ഖ് ഭിക്കാരി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ എത്തിയെങ്കിലും, ഹീമോഗ്ലോബിൻ കുറവാണെന്നും ഭ്രൂണം ഇതിനകം മരിച്ചുവെന്നും നഴ്‌സുമാർ അറിയിച്ചുവെന്നാണ് മനീഷ് ദേവിയുടെ ഭര്‍ത്താവ് പറയുന്നത്.
പ്രതീക്ഷ കൈവിടാതെ, ഭർത്താവ് വിനോദ് സാവോ മനീഷയെ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അവർക്ക് ആരോഗ്യമുള്ള ഒരു ആൺകുഞ്ഞ് പിറന്നു. കുഞ്ഞിന്‍റെ സുരക്ഷിതമായ പ്രസവത്തിന് സെന്‍റ് കൊളംബസ് മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർമാരോട് നന്ദി പറയുന്നുവെന്ന് വിനോദ് പറഞ്ഞു.
ഹസാരിബാഗ് ഡെപ്യൂട്ടി കമ്മീഷണർ ശശി പ്രകാശ് സിംഗ് വെള്ളിയാഴ്ച ഷെയ്ഖ് ഭിക്കാരി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ സൂപ്രണ്ടിനോട് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
സർക്കാർ ആശുപത്രികൾ രോഗികൾക്ക് കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. അത് ഇവിടെ നിഷേധിക്കപ്പെട്ടു. ഈ വിഷയത്തിൽ ഒരു അന്വേഷണ സമിതി രൂപീകരിക്കാൻ ആശുപത്രി അധികാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ശശി പ്രകാശ് സിംഗ് വ്യക്തമാക്കി. പരിശോധനകൾ തൃപ്തികരമായതിന് ശേഷമാണ് മനീഷ കുഞ്ഞിന് ജന്മം നൽകിയതെന്നും അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നും സ്വകാര്യ ആശുപത്രി നടത്തുന്ന ശ്രീനിവാസ് മംഗളം ട്രസ്റ്റിന്‍റെ ഉടമയായ ഡോ. പ്രവീൺ കുമാർ അറിയിച്ചു.