ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഇന്ത്യ; നടപടി ആഭ്യന്തര വിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ

Published : May 14, 2022, 11:38 AM ISTUpdated : May 14, 2022, 12:45 PM IST
ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഇന്ത്യ; നടപടി ആഭ്യന്തര വിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ

Synopsis

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ ഗോതമ്പ് കയറ്റുമതി കൂട്ടാൻ എടുത്ത തീരുമാനം മരവിപ്പിച്ചു  

ദില്ലി: രാജ്യത്ത് ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ആഭ്യന്തര  വിപണിയിൽ ഗോതമ്പിന് വില കൂടുന്നതും രാജ്യത്ത് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. എട്ട് വർഷത്തിനിടെ ഏറ്റവും രൂക്ഷമായ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. ഗോതമ്പിന് കിലോയ്ക്ക് 34 രൂപയാണ് ദില്ലിയിലെ ഇന്നത്ത വില. മുംബൈയടക്കമുള്ള മറ്റ് മെട്രോ നഗരങ്ങളിലും വില കുത്തനെ ഉയർന്നു. ഇനിയും വിലകൂടിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന നിഗമനത്തിലാണ് കേന്ദ്രത്തിന്‍റെ തിടുക്കത്തിലുളള നടപടി. എല്ലാ തരം ഗോതമ്പിന്‍റെയും കയറ്റുമതി നിരോധിച്ചുകൊണ്ട് ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ട്രേഡ് ഉത്തരവിറക്കിയത്. അതേസമയം നേരത്തെ പണമടച്ച് കച്ചവടമുറപ്പിച്ചതും, കേന്ദ്രസർക്കാർ അനുമതിയോടെ അയല്‍ രാജ്യങ്ങളിലേക്കുമുളള കയറ്റുമതി തുടരാം. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യ കയറ്റുമതി ചെയ്തത് 78.5  ലക്ഷം മെട്രിക് ടൺ ഗോതമ്പാണ്. ഇത്  മുൻ വർഷത്തേക്കാൾ 21 ലക്ഷം ടൺ അധികമാണ്.

യൂറോപ്പിൽ ഏറ്റവും അധികം ഗോതമ്പ് ഉൽപാദിപ്പിക്കുന്ന രാജ്യമായിരുന്നു യുദ്ധത്തിന് തൊട്ടുമുമ്പ് വരെ യുക്രെയ്ൻ. റഷ്യ യുക്രെയ്നെ ആക്രമിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ ഗോതമ്പിന്റെ വിലയിൽ വൻ ചാഞ്ചാട്ടം പ്രകടമായിരുന്നു. വിപണിയിൽ ഗോതമ്പ് എത്തുന്നത് കുറഞ്ഞതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് കൂടിയിരുന്നു. ഈസാധ്യത മുതലെടുത്ത് കയറ്റുമതി കൂട്ടിയതാണ് തിരിച്ചടിക്ക് കാരണമായത്. ഒപ്പം സർക്കാർ സംഭരിക്കുന്ന ഗോതമ്പിൻറെ അളവിൽ ഇക്കൊല്ലം ഇടിവുണ്ടായി എന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. അവശ്യസാധന വിലക്കയറ്റം  മൂന്നാം വാർഷികം ആഘോഷിക്കുന്ന രണ്ടാം നരേന്ദ്രമോദി സർക്കാരിന് വൻ പ്രതിസന്ധിയാവുകയാണ്. 

തീരുമാനം ബാധിക്കുക അയൽരാജ്യങ്ങളെ

കയറ്റുമതി നിരോധനത്തിനുള്ള സർക്കാർ തീരുമാനം എത്തുന്നത് ഗോതമ്പിന്റെ കയറ്റുമതി സാധ്യത പരിശോധിക്കാൻ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ കേന്ദ്രം തീരുമാനിച്ചതിന് പിന്നാലെയാണ്. ഏഷ്യൻ വിപണിയിൽ ഇന്ത്യൻ ഗോതമ്പിന് ആവശ്യക്കാർ ഏറെയാണ്. അടുത്തിടെ അഫ്‍ഗാനിസ്ഥാന് ഇന്ത്യ വൻതോതിൽ ഗോതമ്പ് കൈമാറിയിരുന്നു. യുദ്ധത്തെ തുടർന്നുണ്ടായ ക്ഷാമം മറികടക്കാനായിട്ടായിരുന്നു ഇത്. അയൽരാജ്യമായ ബംഗ്ലാദേശും ഗോതമ്പിനായി ഇന്ത്യയെ ആണ് ആശ്രയിക്കുന്നത്. 2021-22ൽ ഇന്ത്യ ആകെ ഉൽപാദിപ്പിച്ച 7 ടൺ ഗോതമ്പിന്റെ 50 ശതമാനവും ബംഗ്ലാദേശ് ഇറക്കുമതി ചെയ്തിരുന്നു. 

നിരോധനം പ്രാബല്യത്തിലായതോടെ പതിവായി ഗോതമ്പ് നൽകുന്ന രാജ്യങ്ങളിലെ സർക്കാരുകൾ നേരിട്ട് അഭ്യർത്ഥിച്ചാൽ അല്ലാതെ ഇന്ത്യയിൽ നിന്ന് ഗോതമ്പ് കയറ്റി അയക്കാനാകില്ല. ഇത് ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. കയറ്റുമതിയുടെ തോതും എഫ്‍സിഐയിലെ കരുതൽ ശേഖരവും തമ്മിലുള്ള അനുപാതം കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നടപടി എന്ന് മന്ത്രാലയം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗോതമ്പിന് പുറമേ ഉള്ളി വിത്തുകളുടെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച