ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് പരി​ഗണനയിലെന്ന് കേന്ദ്രസർക്കാർ

By Web TeamFirst Published Jul 7, 2021, 12:59 PM IST
Highlights

വാക്സിൻ വിതരണം ആരംഭിച്ച് ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് ആലോചന. ബൂസ്റ്റർ ഡോസ് നല്‍കുന്നതില്‍ വ്യക്തത വരുത്തണമെന്ന് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ദില്ലി: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്  കേന്ദ്രസർക്കാര്‍ പരിഗണിക്കുന്നു. വാക്സിൻ വിതരണം ആരംഭിച്ച് ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് ആലോചന. ബൂസ്റ്റർ ഡോസ് നല്‍കുന്നതില്‍ വ്യക്തത വരുത്തണമെന്ന് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ജനുവരിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കികൊണ്ടാണ് രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിച്ചത്.  ആറ് മാസം പിന്നിട്ട സാഹചര്യത്തില്‍  ബൂസ്റ്റർ ഡോസ് കൂടി നല്‍കുന്നതിലുള്ള ചർച്ചകളിലാണ് കേന്ദ്രസർക്കാര്‍. വാക്സിനെടുക്കുന്നതിലൂടെ എത്രനാള്‍ വരെ രോഗപ്രതിരോധ ശക്തി ലഭിക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധസമിതിയുടെ അഭിപ്രായം. എന്നാല്‍ എട്ട് മാസം വരെയെങ്കിലും രോഗപ്രതിരോധശക്തി ലഭിക്കുമെന്നാണ് ഇതുവരെയുള്ള തെളിവുകള്‍ വ്യക്തമാക്കുന്നത്. 

ഹരിയാന, ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളും ആരോഗ്യപ്രവർത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായി കത്ത് നല്‍കിയതായി ഹരിയാന അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു.
 
അതേ സമയം ബൂസ്റ്റര്‍ ഡോസായി ഏത് വാക്സിന്‍ നല്‍കുമെന്നതാണ് സങ്കീർണമായ പ്രശ്നം. കൊവാക്സിന്‍ നല്‍കിയവര്‍ക്ക് ബൂസ്റ്റർ ആയി കൊവിഷീല്‍ഡോ , കൊവിഷീല്‍ഡ് എടുത്തവര്‍ക്ക് കൊവാക്സിനോ  നല്‍കണമോയെന്നതിലും ചർച്ച നടത്തി തീരുമാനം എടുക്കേണ്ടിവരും. ഇക്കാര്യം ശാസ്ത്രീയമായി പരിശോധിക്കുന്ന ഘട്ടത്തിലാണെന്നാണ് ഐസിഎംആര്‍ ഡയറക്ടർ ബല്‍റാം ഭാര്‍ഗവ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. രാജ്യത്ത് ഇതുവരെ മുപ്പത്തിയാറ് കോടിയലധികം പേര്‍ക്കാണ് വാക്സിന്‍ നല്‍കിരിക്കുന്നത്.  ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 43,733 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിക്കുകംയം 930 കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!