'ഉറക്കമുണരണം, ഉത്തരവാദിത്വം നിറവേറ്റണം'; കേന്ദ്ര സര്‍ക്കാരിനോട് സോണിയ ഗാന്ധി

By Web TeamFirst Published May 1, 2021, 7:03 PM IST
Highlights

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്ന് സോണിയ ഗാന്ധി.

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉറക്കമുണര്‍ന്ന്  ഉത്തരവാദിത്വം നിറവേറ്റണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കൊവിഡ് വ്യാപനം ചെറുക്കുന്നതിന് ദേശീയതലത്തില്‍ കര്‍മ്മപദ്ധതി ആരംഭിക്കണമെന്നും സോണിയ ആവിശ്യപ്പെട്ടു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു. കുടിയേറ്റ തൊഴിലാളികളുടെ നില ഗുരുതരമാണ്, അവരുടെ യാത്ര തടയുകയും, കൊവിഡ് വ്യാപനം കുറയുന്നത് വരെ ബാങ്ക് അക്കൌണ്ടില്‍ കുറഞ്ഞത് 6000 രൂപയെങ്കിലും നിക്ഷേപിക്കണമെന്നും സോണിയ പറഞ്ഞു.  രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യ വാക്സിന്‍ നല്‍കണം.  രാജ്യവ്യാപകമായി കൊവിഡ്  പരിശോധന വർദ്ധിപ്പിക്കുകയും  ഓക്സിജനും മറ്റ്  അവശ്യവസ്തുക്കളും യുദ്ധകാലാടിസ്ഥാനത്തിൽ ക്രമീകരിക്കുകയും വേണം- സോണിയ ആവശ്യപ്പെട്ടു.

 
വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിത ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണിക്കണം. ജീവന്‍രക്ഷാ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണം. അഭിപ്രായ വ്യത്യാസങ്ങളെ മറികടന്ന് മുന്നോട്ടുപോകേണ്ടതുണ്ട്, അതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ച്  രാജ്യവ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. 

സ്വന്തം ജീവന്‍ അപകത്തിലാകുന്ന സാഹചര്യത്തിലും കൊവിഡ് രോഗികളെ പരിചരിക്കുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും മുന്നില്‍ ശിരസ് നമിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.  രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് നാലുലക്ഷം കടന്ന പശ്ചാത്തലത്തിലാണ് സോണിയയുടെ പ്രതികരണം. 

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും  കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ
 

click me!