
ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ മദ്യം വാങ്ങാന്‍ നിരവധി സര്‍ക്കാര്‍ ഫയലുകള്‍ വിറ്റ കരാര്‍ ജീവനക്കാരനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. കാണ്‍പുരിലെ വികാസ് ഭവനിലെ സാമൂഹിക ക്ഷേമ വകുപ്പിലെ സുപ്രധാന സര്‍ക്കാര്‍ ഫയലുകളാണ് ശുചീകരണ തൊഴിലാളി ആക്രിവിലക്ക് വിറ്റത്. ചോദ്യം ചെയ്യലില്‍ നേരത്തെയും ഇത്തരത്തില്‍ നിരവധി ഫയലുകള്‍ വിറ്റിരുന്നതായി ഇയാള്‍ സമ്മതിച്ചു.
സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണ പ്രവര്‍ത്തികള്‍ക്കായി നിരവധി സ്വകാര്യ ജോലിക്കാരെയാണ് ഉത്തര്‍പ്രദേശ് ഭരണകൂടം കരാറടിസ്ഥാനത്തില്‍ ജോലിക്ക് വെച്ചിരുന്നത്. ഇവരിലൊരാളാണ് സാമൂഹിക ക്ഷേമം, വയോധിക പെന്‍ഷന്‍ അപേക്ഷകള്‍ തുടങ്ങിയ പ്രധാന രേഖകള്‍ അടങ്ങിയ ഫയലുകള്‍ ഓഫീസില്‍നിന്നും പലതവണയായി ചാക്കിലാക്കിയശേഷം പഴയ സാധനങ്ങളെന്ന നിലയില്‍ വിറ്റത്. അസാധാരണായ സംഭവം അറിഞ്ഞ് ഉദ്യോഗസ്ഥരും അങ്കലാപ്പിലായി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ചീഫ് ഡിസ്ട്രിക്ട് ഓഫീസര്‍ ശുചീകരണ തൊഴിലാളിയെ ജോലിയില്‍നിന്ന് പുറത്താക്കുകയും ഇയാള്‍ക്കെതിരെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
ശുചീകരണ ജോലിക്കിടെ തൊഴിലാളി ഫയലുകളെടുത്ത് ചാക്കിലിടുന്നത് ശ്രദ്ധയില്‍പ്പെട്ട ഊര്‍ജ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ചാക്കിലേക്ക് മാറ്റിയ ഫയലുകളെല്ലാം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സാമൂഹിക ക്ഷേമ വകുപ്പിന്‍റെ കമ്പ്യൂട്ടറ്‍ റൂമിലാണ് സംഭവം നടന്നത്. ഇവിടെയാണ് വയോധിക പെന്‍ഷന്‍റെ ഉള്‍പ്പെടെ നിരവധി അപേക്ഷകളും ഫയലുകളും സൂക്ഷിച്ചിരുന്നത്. നേരത്തെ ഫയലുകള്‍ കാണാതായത് ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.ആരുമറിയാതെ തൊഴിലാളി സ്ക്രാപ്പ് ഡീലര്‍മാര്‍ക്ക് ഫയലുകള്‍ മറിച്ചുവില്‍ക്കുകയായിരുന്നനു. സംഭവം അറിഞ്ഞശേഷം സ്ക്രാപ്പ് ഡീലറുടെ അടുത്തെത്തി ചില ഫയലുകള്‍ ഉദ്യോഗസ്ഥര്‍ തിരിച്ചെടുത്തു. സംഭവത്തില്‍ വകുപ്പില്‍നിന്ന് മേലുദ്യോഗസ്ഥര്‍ വിശദീകരണം തേടിയിട്ടുണ്ട്. മദ്യപിക്കുന്നതിനായാണ് ഫയലുകള്‍ വിറ്റതെന്നാണ് ശുചീകരണ തൊഴിലാളിയുടെ മൊഴി.
More stories..കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കില്ല, ബെംഗളൂരു നഗരം നിശ്ചലമാക്കാന്‍ സംഘടനകള്‍, സെപ്തംബര്‍ 26ന് ബന്ദ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam