Asianet News MalayalamAsianet News Malayalam

കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കില്ല, ബെംഗളൂരു നഗരം നിശ്ചലമാക്കാന്‍ സംഘടനകള്‍, സെപ്തംബര്‍ 26ന് ബന്ദ്

ടാക്സി ഡ്രൈവര്‍മാരുടെ സംഘടനകളും തൊഴിലാളി സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ ഒല, ഉബര്‍ ഉള്‍പ്പെടെയുള്ള വെബ് ടാക്സികളും മറ്റു ഓട്ടോ, ടാക്സികളും അന്നേദിവസം നിരത്തിലിറങ്ങിയേക്കില്ല

Bengaluru bandh called on September 26 over Cauvery water row
Author
First Published Sep 24, 2023, 8:48 AM IST

ബെംഗളൂരു: കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ സെപ്തംബര്‍ 26ന് കര്‍ഷക സംഘടനകളും കന്നട അനുകൂല സംഘടനകളും ബെംഗളൂരുവില്‍ ബന്ദിന് ആഹ്വാനം ചെയ്തു. വിവിധ കര്‍ഷക സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, കന്നട അനുകൂല സംഘടനകള്‍ തുടങ്ങിയവ ഉള്‍പ്പെടെ 100ലധികം സംഘടനകളാണ് ബന്ദിന് പിന്തുണ അറിയിച്ചിരിക്കുന്നത്. ബന്ദ് നടത്തുന്നതിന് മുന്നോടിയായി ശനിയാഴ്ച ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ കര്‍ഷക സംഘടനകളും കന്നട അനുകൂല സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെടുന്ന കര്‍ണാടക ജല സംരക്ഷണ സമിതിയുടെ യോഗം ചേര്‍ന്നു. സെപ്തംബര്‍ 26ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ബെംഗളൂരുവില്‍ ബന്ദ് നടത്തുക.

അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സേവനങ്ങള്‍ മാത്രമെ അനുവദിക്കുകയുള്ളുവെന്നും വാണിജ്യ സ്ഥാപനങ്ങളും ഐ.ടി കമ്പനികളും മറ്റെല്ലാ സ്ഥാപനങ്ങളും ബന്ദുമായി സഹകരിക്കണമെന്ന് കര്‍ഷക നേതാവ് കുറബര ശാന്തകുമാര്‍ ആവശ്യപ്പെട്ടു.  ബെംഗളൂരുവിന് ലഭിക്കേണ്ട വെള്ളമാണ് തമിഴ്നാടിന് നല്‍കുന്നതെന്നും ഇതിനാല്‍ തന്നെ ബന്ദ് ബെംഗളൂരു നിവാസികളുടെതാണെന്നും എല്ലാവരുടെയും പൂര്‍ണ പിന്തുണയോടെയായിയിരിക്കും ബന്ദ് നടത്തുകയെന്നും കുറുബര ശാന്തകുമാര്‍ പറഞ്ഞു. ബന്ദിന് ബിജെപി, ജെഡിഎസ് തുടങ്ങിയ പാര്‍ട്ടികളും പിന്തുണച്ചിട്ടുണ്ട്. ഐ.ടി, ബാങ്ക്, വാണിജ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി നല്‍കി ബന്ദിനുള്ള പിന്തുണ നല്‍കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. ബെംഗളൂരുവിലെ ബന്ദിലൂടെ സംസ്ഥാന വ്യാപകമായി അതിന്‍റെ വ്യാപ്തി എത്തിക്കേണ്ടതുണ്ടെന്നും തമിഴ്നാടിന് കാവേരി നദീ ജലം വിട്ടുകൊടുക്കണമെന്ന കാവേരി വാട്ടര്‍ മാനേജ്മെന്‍റ് അതോറിറ്റി ഉത്തരവ് അംഗീകരിക്കാനാകില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്.

ടാക്സി ഡ്രൈവര്‍മാരുടെ സംഘടനകളും എ.ഐ.ടി.യു.സി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ ഒല, ഉബര്‍ ഉള്‍പ്പെടെയുള്ള വെബ് ടാക്സികളും മറ്റു ഓട്ടോ, ടാക്സികളും അന്നേദിവസം നിരത്തിലിറങ്ങിയേക്കില്ല. വാണിജ്യ സ്ഥാപനങ്ങളും അടിച്ചിടണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ദിന്‍റെ അന്ന് രാവിലെ ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ടൗണ്‍ഹാളില്‍നിന്ന് മൈസൂരു ബാങ്ക് സര്‍ക്കിളിലേക്ക് റാലി നടത്തും. തൊഴിലാളി സംഘടനകളുടെ പിന്തുണയുള്ളതിനാല്‍ ബിഎംടിസി, കര്‍ണാടക ആര്‍ടിസി ബസ് സര്‍വീസുകളെയും ബന്ദ് ബാധിച്ചേക്കും. സ്കൂളുകള്‍ക്ക് അവധി നല്‍കുന്ത് സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് അസോസിയേറ്റഡ് മാനേജ്മെന്‍റ് ഓഫ് പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്കൂള്‍സ് ഇന്‍ കര്‍ണാടക പ്രതിനിധികള്‍ പറഞ്ഞു. കാവേരി നദീ ജല പ്രശ്നം ഓരോരുത്തരുടെയും പ്രശ്നമായി കണ്ടുകൊണ്ട് ബെംഗളൂരു നഗരത്തെ നിശ്ചലമാക്കിയുള്ള ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് ബന്ദിലൂടെ ലക്ഷ്യമിടുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും കന്നഡിഗരുടെ അവകാശങ്ങൾക്കായാണ് സമരമെന്നും നേതാക്കള്‍ പറഞ്ഞു.

വിഷയത്തിൽ കർഷകസംഘടനകൾ ശനിയാഴ്ച മാണ്ഡ്യയിൽ നടത്തിയ ബന്ദ് പൂർണമായിരുന്നു. കാവേരിയുടെ ഹൃദയഭൂമിയെന്ന് അറിയപ്പെടുന്ന മണ്ഡ്യയിലും മദ്ദൂറിലും കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. കാവേരി ഹിതരക്ഷണ സമിതിയാണ് മണ്ഡ്യയില്‍ ബന്ദിന് ആഹ്വാനം ചെയ്തത്. മൈസൂരു, ചാമരാജ്നഗർ, രാമനഗര ജില്ലകളിലും ബന്ദിന് സമാനമായ അന്തരീക്ഷമായിരുന്നു. മറ്റ് ജില്ലകളായ ചിത്രദുർഗ, ബെള്ളാരി, ദേവനഗരെ, കൊപ്പാൾ, വിജയപുര എന്നിവിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു. സെപ്റ്റംബർ 13 മുതൽ 27വരെ 15 ദിവസത്തിൽ കർണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നൽകണമെന്നാണ് സി.ഡബ്ല്യൂ.എം.എ ഉത്തരവ്. സംസ്ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കർണാടകയുടെ ഹരജി പരിഗണിച്ച് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വീണ്ടും സമരം ശക്തമാവുകയായിരുന്നു.

Follow Us:
Download App:
  • android
  • ios