മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ബിജെപി

By Web TeamFirst Published May 3, 2019, 8:23 PM IST
Highlights

ആചാരങ്ങളിലും വിശ്വാസങ്ങളിലും കൈകടത്തരുത്, അവകാശങ്ങൾ സംരക്ഷിക്കണം. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും മതാചാരങ്ങള്‍ വിലക്കരുതെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. 

ദില്ലി: മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ബിജെപി. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും മതാചാരങ്ങള്‍ വിലക്കരുതെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. എംഇഎസ് ബുര്‍ഖ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു ഗോയല്‍.

അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്‍റ് ഡോ. കെപി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു. 

ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വിശദമാക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ച് കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചല്ല ക്ലാസിലേക്ക് വരുന്നതെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും 2019-20 വര്‍ഷം മുതല്‍ നിയമം കൃത്യമായി പ്രാബല്യത്തില്‍ വരുത്തണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. 
 

click me!