പ്രതിഷേധം ഫലം കണ്ടു: ഹിന്ദി നിർബന്ധമാക്കില്ല: വിദ്യാഭ്യാസ കരട് നയം തിരുത്തി കേന്ദ്രസർക്കാർ

By Web TeamFirst Published Jun 3, 2019, 2:29 PM IST
Highlights

ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലും നി‍ർബന്ധമായി മൂന്ന് ഭാഷകൾ, അതായത് ഹിന്ദിയും ഇംഗ്ലീഷും പ്രാദേശിക ഭാഷയും പഠിപ്പിക്കണമെന്നായിരുന്നു പുതിയ വിദ്യാഭ്യാസനയത്തിന്‍റെ കരടിൽ പറഞ്ഞിരുന്നത്. 

ദില്ലി: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലും നിർബന്ധമായി സ്കൂളുകളിൽ ഹിന്ദി പഠിപ്പിക്കണമെന്ന് നിഷ്കർഷിക്കുന്ന കരട് വിദ്യാഭ്യാസ നയം തിരുത്തി കേന്ദ്രസർക്കാർ. തമിഴ്‍നാടുൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി പഠിപ്പിക്കണമെന്ന നയത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്. പുതിയ കരട് വിദ്യാഭ്യാസ നയത്തിൽ (Draft National Education Policy NEP 2019) ഇഷ്ടമുള്ള മൂന്ന് ഭാഷകൾ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാമെന്നാണ് വ്യക്തമാക്കുന്നത്. 'ഹിന്ദി' എന്ന പരാമർശം തന്നെ നയത്തിൽ നിന്ന് ഒഴിവാക്കി. 

''വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള ഭാഷകൾ തെരഞ്ഞെടുത്ത് പഠിക്കാനുള്ള സ്വാതന്ത്ര്യം കണക്കിലെടുത്ത്, അവർ പഠിക്കുന്ന ഒന്നോ മൂന്ന് ഭാഷകൾ തന്നെയോ ഇഷ്ടാനുസരണം മാറ്റാൻ അവസരമുണ്ടാകും. ആറാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലുമാകും ഇതിന് അവസരം ലഭിക്കുക. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഭാഷകളിൽ പ്രാവീണ്യം തെളിയിച്ച ശേഷമാകും ഇതിന് അവസരമുണ്ടാകുക'', എന്നാണ് പുതിയ വിദ്യാഭ്യാസ കരട് നയത്തിൽ പറയുന്നത്.

പഴയ കരട് നയം അനുസരിച്ച്, വിദ്യാർത്ഥികൾ ആകെ മൂന്ന് ഭാഷകളാണ് പഠിക്കേണ്ടിയിരുന്നത്. ഇംഗ്ലീഷും, ഹിന്ദിയും നിർബന്ധമായും പഠിക്കണം. ഇതോടൊപ്പം ഒരു പ്രാദേശിക ഭാഷയും പഠിക്കണമെന്നായിരുന്നു ചട്ടം. ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളിലും അല്ലാത്തതിലും ഹിന്ദി പഠനം നി‍ർബന്ധമായിരുന്നു. 

ഇതിനെതിരെ തമിഴ്‍നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതിനെത്തുടർന്നാണ് കരട് നയത്തിലെ വ്യവസ്ഥകൾ കേന്ദ്രസർക്കാർ തിരുത്തിയത്. 

കേന്ദ്രസർക്കാരിന്‍റെ തിരുത്തലിനെ സംഗീതസംവിധായൻ എ ആർ റഹ്‍മാൻ സ്വാഗതം ചെയ്തു. തമിഴ്‍ഭാഷയിലെഴുതിയ കുറിപ്പാണ് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് റഹ്മാൻ ട്വീറ്റ് ചെയ്തത്.

''സുന്ദരമായ തീരുമാനം. തമിഴ്‍നാട്ടിൽ ഹിന്ദി നി‍ർബന്ധമല്ല, കരട് നയം തിരുത്തി'', റഹ്മാൻ എഴുതി.

அழகிய தீர்வு 🌹🇮🇳 ”தமிழகத்தில் இந்தி கட்டாயமல்ல... திருத்தப்பட்டது வரைவு!”

— A.R.Rahman (@arrahman)

തമിഴ്‍നാട്ടിലെ പ്രതിപക്ഷപാർട്ടിയായ ഡിഎംകെയും അധ്യക്ഷൻ സ്റ്റാലിനും കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രത്യക്ഷസമരപരിപാടികളുമായി തെരുവിലിറങ്ങിയിരുന്നു. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രസ്ഥാനമായി വളർന്ന് വൻ പ്രതിഷേധമായി നാൽപതുകളിലും പിന്നീട് അറുപതുകളിലും ആഞ്ഞടിച്ച തമിഴ്‍നാട്ടിൽ ഏതാണ്ട് സമാനമായ പ്രതിഷേധമായിരുന്നു അലയടിച്ചത്. ഇത് തിരിച്ചറിഞ്ഞ, ബിജെപി സഖ്യകക്ഷി കൂടിയായ, അണ്ണാ ഡിഎംകെ സർക്കാർ ഇത്തരമൊരു നയം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ പുതിയ നയം പ്രഖ്യാപിച്ചാലും തമിഴ്‍നാട് രണ്ട് ഭാഷകളുടെ ഫോർമുല മാത്രമേ സ്കൂളുകളിൽ നടപ്പാക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടയൻ വ്യക്തമാക്കി. 

ഇംഗ്ലീഷും ഹിന്ദിയും എട്ടാം ക്ലാസ്സുവരെ നിർബന്ധമാക്കുന്ന ദേശീയ വിദ്യാഭ്യാസനയം, മുൻ ഐഎസ്ആർഒ തലവനായിരുന്ന കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള വിദഗ്‍ധ സമിതിയാണ് തയ്യാറാക്കിയത്. ഭിന്നഭാഷകൾ സംസാരിക്കുന്ന രാജ്യത്ത്, വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകളെങ്കിലും  നിർബന്ധമായും എഴുതാനും വായിക്കാനും അറിയണമെന്നും അതിനായി ചെറിയ ക്ലാസ്സുകൾ മുതലേ ഭാഷാ പഠനം ആവശ്യമാണെന്നുമായിരുന്നു സമിതിയുടെ ശുപാർശ. 

click me!