ഹേമന്ത് സോറനെ ഗവ‍ര്‍ണര്‍ അയോഗ്യനായി പ്രഖ്യാപിച്ചേക്കും; ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയാവാൻ സാധ്യത?

Published : Aug 26, 2022, 08:48 PM IST
ഹേമന്ത് സോറനെ ഗവ‍ര്‍ണര്‍ അയോഗ്യനായി പ്രഖ്യാപിച്ചേക്കും;  ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയാവാൻ സാധ്യത?

Synopsis

ഹേമന്ത് സോറനെ അയോഗ്യനാക്കിയുള്ള വിജ്ഞാപനം രാജ്ഭവനിൽ നിന്നും പുറത്തു വന്നാൽ പിന്നെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാവില്ല. എത്രയും പെട്ടെന്ന് രാജിവയ്ക്കേണ്ടി വരും. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിസഭയും ഇതോടെ രാജിവയ്ക്കും.

റാഞ്ചി:  ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന കാര്യത്തിൽ നാളെ നിര്‍ണായക തീരുമാനമുണ്ടാക്കാൻ സാധ്യത. മുഖ്യമന്ത്രി ഹേമന്ത് സോറനെ നാളെ ഗവര്‍ണര്‍ അയോഗ്യനാക്കി പ്രഖ്യാപിക്കാനാണ് സാധ്യത. മുഖ്യമന്ത്രിയെ അയോഗ്യനാക്കാൻ ഗവര്‍ണര്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നൽകിയേക്കും. 

ഹേമന്ത് സോറനെ അയോഗ്യനാക്കിയുള്ള വിജ്ഞാപനം രാജ്ഭവനിൽ നിന്നും പുറത്തു വന്നാൽ പിന്നെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാവില്ല. എത്രയും പെട്ടെന്ന് രാജിവയ്ക്കേണ്ടി വരും. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിസഭയും ഇതോടെ രാജിവയ്ക്കും. ആറ് മാസത്തിനുള്ളിൽ നടക്കേണ്ട ഉപതെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചാൽ ഹേമന്ത് സോറന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരാം. വിജ്ഞാപനം പുറത്തു വന്നാലുടൻ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിലും സോറനുമായി അടുത്ത വൃത്തങ്ങൾ നിയമോപദേശം തേടിയിട്ടുണ്ട്. 

അതേസമയം  ജാർഖണ്ഡിൽ ഗവർണർ തീരുമാനം പ്രഖ്യാപിക്കാൻ ഇരിക്കെ യു പി എ എംഎൽഎമാർ യോഗം ചേർന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിലാണ് എംഎൽഎമാർ യോഗം ചേർന്നത്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ ലഭിച്ചെങ്കിലും ഗവർണർ ഇതുവരെയും അയോഗ്യത പ്രഖ്യാപനം നടത്തിയിട്ടില്ല. ഖനി ലൈസൻസ് കേസിൽ ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. എന്നാൽ ധാർമികതയുടെ പേരിൽ സർക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്

യുപിഎ സഖ്യത്തിന്റെ ഭാഗമാണ് ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). ഹേമന്ത് സോറൻ 2024 വരെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് ജെഎംഎം നേതാക്കൾ ഇപ്പോഴും പറയുന്നത്.  ജെഎംഎമ്മിൻ്റേയും കോണ്ഗ്രസിൻ്റേയും മുഴുവൻ എംഎൽഎമാരോടും അടിയന്തര സാഹചര്യത്തിൽ റാഞ്ചിയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഹേമന്ത് സോറൻ സ്വന്തം പേരില്‍ ഖനി അനുമതി  നല്‍കിയെന്ന ബിജെപി പരാതിയാണ് നിയമസഭാഗത്വം റദ്ദാക്കപ്പെടുന്നതിലേക്ക് എത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അധികാര ദുർവിനിയോഗം നടത്തി,  ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനം നടന്നു എന്നൊക്കെയായിരുന്നു ഉയ‍ർന്ന ആരോപണം. ഇത് ശരിവെച്ചാണ് കടുത്ത നടപടി തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തത്. എന്നാല്‍ എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ഹേമന്ത് സോറൻ പ്രതികരിച്ചു. ബിജെപിക്കെതിരെയും സോറൻ വിമർശനം ഉന്നയിച്ചു.  തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി കമ്മീഷൻ ആയി മാറിയെന്നായെന്ന് ജാർഖണ്ഡ് മുക്തി മോർച്ചയും കുറ്റപ്പെടുത്തി.

 ഗവർണർ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ റാഞ്ചിയിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ മന്ത്രിമാരുമായി ചർച്ച നടന്നു. അഡ്വക്കറ്റ് ജനറലും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജി വെക്കേണ്ട സാഹചര്യമുണ്ടായാല്‍ ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന സോറന്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമെന്നാണ് സൂചനകള്‍. എന്നാല്‍ രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത്  ഭരണപക്ഷ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാൻ ബിജെപിക്കായാല്‍ ജാർഖണ്ഡില്‍ ഭരണം മാറി മറയും. 

നിലവില്‍ 81 അംഗ നിയമസഭയില്‍ 51 എംഎല്‍എമാരാണ് സർക്കാര്‍ രൂപികരിച്ച ജെഎംഎം കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. പ്രതിപക്ഷത്തുള്ള എൻഡിഎക്ക് 30 എംഎല്‍എമാരുണ്ട്. ബിഹാറില്‍ എൻഡിഎ സഖ്യസർക്കാരില്‍ നിന്ന് ജെഡിയു വിട്ടത് ബിജെപിക്ക് ക്ഷീണമായിരുന്നു. ഇത് മറികടക്കാൻ ജാർഖണ്ഡിലെ ഭരണം പിടിക്കാനാണ് ബിജെപി ശ്രമം.അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തില്‍ നിലപാടെക്കാനിരിക്കെ ദില്ലിയിലെത്തിയ ജാർഖണ്ഡ് ഗവർണർ  രമേഷ് ഭായിസ് ഇന്നാണ് റാഞ്ചിയില്‍ തിരിച്ചെത്തിയത്.

PREV
click me!

Recommended Stories

വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്
പുതുച്ചേരിയിൽ ടിവികെയുടെ പൊതുയോ​ഗം ചൊവ്വാഴ്ച നടക്കും, ​ഗർഭിണികളും കുട്ടികളും പങ്കെടുക്കരുതെന്ന് നിർദേശം