ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി; ഉത്തരവിനെതിരെ നിയമ യുദ്ധത്തിന് കേന്ദ്രം, പുനപരിശോധന ഹർജി നൽകും

Published : Apr 13, 2025, 07:34 AM ISTUpdated : Apr 13, 2025, 07:37 AM IST
ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി; ഉത്തരവിനെതിരെ നിയമ യുദ്ധത്തിന് കേന്ദ്രം, പുനപരിശോധന ഹർജി നൽകും

Synopsis

രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവിൽ നിയമ യുദ്ധത്തിന് കേന്ദ്ര സര്‍ക്കാര്‍. ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ  പുന പരിശോധന ഹര്‍ജി നൽകും

ദില്ലി: രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവിൽ നിയമ യുദ്ധത്തിന് കേന്ദ്ര സര്‍ക്കാര്‍. ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ പുന പരിശോധന ഹര്‍ജി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹർജി നൽകാനുള്ള നീക്കങ്ങൾ തുടങ്ങി.

സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്‍റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ചിന് മുൻപാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നൽകുക.ഗവർണർമാർ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതിനെതിരെ കർശന താക്കീതാണ് ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ച് നൽകിയത്. ഗവർണർമാർക്ക് മുന്നിലെത്തുന്ന ബില്ലുകളിൽ ഒരു മാസം മുതൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

സർക്കാരിയ കമ്മീഷനിലും പൂഞ്ചി കമ്മീഷനിലും സമയപരിധിക്ക് നിർദ്ദേശമുണ്ടെന്ന് സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടുന്നു. തന്‍റെ പരിഗണനയ്ക്ക് വരുന്ന ബില്ലുകൾ ഒന്നുകിൽ അംഗീകരിക്കാനോ അല്ലെങ്കിൽ അംഗീകാരം നല്കുന്നില്ലെന്ന് വ്യക്തമായ കാരണങ്ങളോടെ സംസ്ഥാനങ്ങളെ അറിയിക്കാനോ മൂന്നു മാസത്തെ സമയപരിധി രാഷ്ട്രപതിക്കും ഉത്തരവ് മുന്നോട്ടു വയ്ക്കുന്നു. പല സംസ്ഥാനങ്ങളിലെയും ബില്ലുകളെ കോടതി വിധി ബാധിക്കുമെന്നിരിക്കെയാണ് കേന്ദ്രം തുടർനിയമനടപടിക്ക് നീങ്ങുന്നത്.

ഇതിനിടെ, സുപ്രീം കോടതി ഉത്തരവിനെതിരെ തുറന്നടിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും ഇന്നലെ രംഗത്തെത്തിയിരുന്നു. കേന്ദ്രം നിയമ നടപടിയിലേക്ക് നീങ്ങുന്നുവെന്ന സൂചനയായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. രണ്ട് ജഡ്ജിമാർ ഇരുന്ന് ഭരണഘടന തിരുത്തുകയാണെങ്കിൽ പിന്നെ പാർലമെൻറ് എന്തിനെന്ന് ഗവർണ്ണർ ആര്‍ലേക്കര്‍ വിമര്‍ശിച്ചു.

സമയപരിധി ഭരണഘടനയിൽ ഇല്ലാത്ത വിഷയമാണെന്നാണ് രാജേന്ദ്ര അർലേക്കർ ഇംഗ്ലീഷ് ദിനപത്രത്തോട് പറഞ്ഞത്. ഭരണഘടനയില്ലാത്തത് എഴുതി ചേർത്ത് മാറ്റം വരുത്താൻ രണ്ടംഗ ബഞ്ചിന് എന്ത് അധികാരമെന്നും ഗവർണ്ണർ ചോദിക്കുന്നു.ഭരണഘടന ബഞ്ചിന് വിഷയം വിടേണ്ടതായിരുന്നു. ഭരണഘടന മാറ്റാനുള്ള അധികാരം പാർലമെൻറിനാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷം രണ്ടു സഭകളിലും വേണം എന്ന നിർദ്ദേശത്തിലൂടെ മാറ്റത്തിനുള്ള അധികാരം ജനങ്ങൾക്കാണ് ഭരണഘടന നൽകുന്നത്. ഇത് കോടതി കൈയ്യാളുന്നത് ശരിയല്ലെന്നും ഗവർണർ വാദിക്കുന്നു.

മുര്‍ഷിദാബാദിൽ സാഹചര്യം പ്രവചനാതീതമെന്ന് ഡിജിപി, ത്രിപുരയിലും സംഘര്‍ഷം, കൂടുതൽ സേനയെ അയക്കാൻ കേന്ദ്രം
 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം