ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം: മുഖ്യമന്ത്രിയെ മാറ്റണം, സുപ്രീംകോടതിയിൽ ഹർജിയുമായി ഗവർണർ

Published : Sep 02, 2025, 10:28 AM ISTUpdated : Sep 02, 2025, 12:31 PM IST
supreme court

Synopsis

പുതിയതായി നിയമിച്ച പാനലിൽ പേരുകൾ സമർപ്പിക്കേണ്ടത് ചാൻസിലർക്ക് ആണെന്നും ഗവർണർ വ്യക്തമാക്കി

ദില്ലി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റിനിർത്തണമെന്ന് ഗവർണർ. സെര്‍ച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണമെന്നും സുപ്രീം കോടതി ഉത്തരവ് പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. കേസിൽ യുജിസിയും കക്ഷിയാകാൻ അപേക്ഷ നൽകും.

ഇരു സർവകലാശാലകളുടെയും സ്ഥിരം വിസി നിയമനത്തിന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായി അഞ്ചംഗ സെർച്ച് കമ്മറ്റി കോടതി നിശ്ചയിച്ചിരുന്നു. ഇതിന്റെ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഗവർണറുടെ പുതിയ നീക്കം. വിസിയെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് കഴിഞ്ഞ മാസം 18ന് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ്. എന്നാല്‍, ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാന്‍സലറായ തനിക്ക് നേരിട്ട് കൈമാറണമെന്നാണ് ഗവർണറുടെ ആവശ്യം.

ബംഗാളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസിലെ വിധിയാണ് കേരളത്തിലെ ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സുപ്രീംകോടതി ആധാരമാക്കിയത്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമാണ് സാങ്കേതിക- ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സാഹചര്യമെന്ന് ഗവർണർ വാദം ഉന്നയിക്കുന്നു. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് യതൊരു പങ്കുമില്ലെന്നും ഗവർണർ ആവർത്തിക്കുന്നു. കൂടാതെ യുജിസി മാനദണ്ഡങ്ങൾ ഉൾപ്പെടുന്നതാണ് നിയമന പ്രക്രിയ. അതിനാൽ യുജിസി പ്രതിനിധിയുടെ അഭാവം പ്രതിസന്ധിയാകും. യുജിസി പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്നും അപേക്ഷയിൽ പറയുന്നു. യുജിസിയെ കക്ഷിയാക്കണമെന്ന് കാട്ടി പ്രത്യേക അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.

വിസി നിയമനത്തിൽ തന്റെ അധികാരത്തിൽ യാതൊരു വീട്ടുവീഴ്ച്ചയുമില്ലെന്ന സന്ദേശമാണ് ഈ നീക്കത്തോടെ ചാൻസിലറായ ഗവർണർ നൽകുന്നത്. ബംഗാൾ ഗവർണ്ണർ സിവി ആനന്ദബോസുമായി രാജേന്ദ്ര അർലേക്കർ ചർച്ച നടത്തിയിരുന്നു. ഓണാഘോഷത്തന് ഗവർണറെ ക്ഷണിച്ച് മഞ്ഞുരുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ നടത്തുന്നതിനിടെയാണ് തർക്കം വീണ്ടും രൂക്ഷമാക്കുന്ന ഗവർണറുടെ നടപടി.

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുൺട്രം മലയിലെ ദീപംതെളിക്കൽ വിവാദം; ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിച്ചില്ല, ഡിസംബർ 12ലേക്ക് മാറ്റി
ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ