
ദില്ലി: ഉത്തരാഖണ്ഡിലെ മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സംസ്ഥാന സർക്കാർ. വിദ്വേഷ പ്രസംഗങ്ങളിൽ സുപ്രീം കോടതി രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് നടപടി. സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. എന്നാൽ, പരിപാടി നടത്തുമെന്ന് സംഘാടകർ പറഞ്ഞു.
ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഇന്നാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏപ്രിൽ 16 ന് നടന്ന വർഗീയ സംഘർഷങ്ങളിൽ നടപടിയില്ലെന്ന് ആരോപിച്ചാണ് സമ്മേളനം വിളിച്ചിരിക്കുന്നത്.
ധരം സൻസദ് മത സമ്മേളനത്തിൽ വിദ്വേഷ പ്രസംഗമുണ്ടാകരുതെന്നാണ് സുപ്രീംകോടതി ഇന്നലെ നിർദ്ദേശിച്ചത്. ഇതുസംബന്ധിച്ച്
ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ് നൽകുകയായിരുന്നു. വിദ്വേഷ പ്രസംഗമുണ്ടാകില്ലെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഉറപ്പ് വരുത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. മുൻകരുതൽ നടപടികളിൽ വീഴ്ചയുണ്ടായാൽ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധരം സൻസദ് മത സമ്മേളനങ്ങളിലെ വിദ്വേഷ പ്രസംഗം തടയണമെന്ന ഹർജിയിലാണ് കോടതി ഇടപെടൽ ഉണ്ടായത്.
Read Also: രാജ്യദ്രോഹക്കുറ്റത്തിൻ്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീകോടതിയിൽ
രാജ്യദ്രോഹക്കുറ്റത്തിൻ്റെ (sedition law) ഭരണഘടന സാധ്യത ( constitutional validity) ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹർജികൾ പരിഗണിക്കുക. 2021 ജൂലൈയിൽ ഹർജികളിൽ നോട്ടീസ് പുറപ്പെടുവിക്കവേ, ചീഫ് ജസ്റ്റിസ് നിയമത്തെ കുറിച്ച് വാക്കാൽ വിമർശനങ്ങൾ ഉയർത്തിരുന്നു. ബ്രീട്ടീഷ് കാലത്തെ നിയമം സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചാം വർഷത്തിലും നിലനിർത്തേണ്ട കാര്യമുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു.
മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകൻ എന്നിവർക്കെതിരെ പ്രയോഗിച്ച രാജ്യദ്രോഹക്കുറ്റം, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ആവശ്യമുണ്ടോയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചുകൊണ്ട് കോടതിയുടെ ചോദ്യം. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
രാജ്യദ്രോഹ നിയമത്തന്റെ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ വകുപ്പിനെതിരെ റിട്ടയേർഡ് കരസേന മേജർ ജനറൽ എസ് ജി വൊമ്പാട്ട്കേരെയും, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സമർപ്പിച്ച ഹർജികളിലാണ് വാദം കേൾക്കൽ. മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ കേസിൽ കക്ഷി ചേരാൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam