വുഹാനില്‍ നിന്ന് ഇന്ത്യക്കാരെയെത്തിച്ച എയര്‍ ഇന്ത്യ ജീവനക്കാരെ അഭിനന്ദിച്ച് മോദി; സംഘത്തില്‍ 3 മലയാളികള്‍

By Web TeamFirst Published Feb 18, 2020, 9:54 AM IST
Highlights

ജനുവരി 31, ഫെബ്രുവരി 1 ദിവസങ്ങളിലായിരുന്നു അടിയന്തര സര്‍വ്വീസ്. പ്രധാനമന്ത്രി ഒപ്പിട്ട പ്രശംസാപത്രം സ്വീകരിച്ച സംഘത്തിൽ കേരളത്തിന് അഭിമാനമായി 3 പേരുണ്ട്. 

ദില്ലി: കൊറോണ വൈറസിന്റെ (കോവിഡ്–19) പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിച്ച എയര്‍ ഇന്ത്യ ജീവനക്കാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി. 68 പേരടങ്ങുന്ന എയര്‍ ഇന്ത്യ സംഘത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദന കത്ത്  വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കൈമാറി.  വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോലാ, എയര്‍ ഇന്ത്യ മേധാവിമാര്‍ പങ്കെടുത്ത ചടങ്ങിലാണ് അഭിനന്ദന കത്ത് കൈമാറിയത്.

എയര്‍ ഇന്ത്യ ജീവനക്കാര്‍ പ്രകടിപ്പിച്ച ജോലിയോടുള്ള ആത്മാര്‍ത്ഥത അഭിനന്ദനീയമാണെന്ന് ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ക്യാപറ്റന്‍ അമിതാഭ് സിംഗ് അടക്കം 8 പൈലറ്റുമാര്‍, 30 എയര്‍ ഹോസ്റ്റസ്, 10 കാബിന്‍ ക്രൂ ഒരു സീനിയര്‍ ഓഫീസര്‍ അടങ്ങുന്ന സംഘമാണ് വുഹാനിലെത്തി ഇന്ത്യക്കാരുമായി മടങ്ങിയത്. ജനുവരി 31, ഫെബ്രുവരി 1 ദിവസങ്ങളിലായിരുന്നു അടിയന്തര സര്‍വ്വീസ്. എയര്‍ ഇന്ത്യയുടെ ബി 747 വിമാനങ്ങളാണ് ഇന്ത്യ ചൈനയിലേക്ക് അയച്ചത്. 647 ഇന്ത്യക്കാരും 7 മാലിദ്വീപ് സ്വദേശികളുമാണ് വുഹാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ദില്ലിയില്‍ തിരികെയെത്തിയത്.

പ്രധാനമന്ത്രി ഒപ്പിട്ട പ്രശംസാപത്രം സ്വീകരിച്ച സംഘത്തിൽ കേരളത്തിന് അഭിമാനമായി 3 പേരുണ്ട്. എയർഹോസ്റ്റസ് ശ്രീലത നായർ, എയർ ഇന്ത്യ സെക്യൂരിറ്റി മാനേജർ ദേവദാസ് പിള്ള, ഇൻഫ്ലൈറ്റ് മാനേജർ പിഎൻ മുരളീധരൻ എന്നിവരാണ് ഈ ദൗത്യത്തില്‍ ഭാഗമായ മലയാളികള്‍. ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1765 കഴിഞ്ഞു. ചൈനയിൽ മൊത്തം 68,500 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 
 

click me!