
നോയിഡ: ഗ്രേറ്റർ നോയിഡയിൽ 21 നില കെട്ടിടത്തിന്റെ ഗ്രിൽ വീണ് 60 വയസ്സുള്ള ഒരു സ്ത്രീയും അവരുടെ നാല് വയസ്സുള്ള ചെറുമകനും മരിച്ചു. ദാദ്രിയിൽ മരം വീണ് ഒരു സ്കൂൾ അധ്യാപകനും മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇങ്ങനെ ദില്ലിയിൽ ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും ആകെ മൂന്ന് പേർ മരിച്ചു.
പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് 21 നിലകളുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഗ്രിൽ തകന്നു വീണ് അമ്മൂമ്മയും ചെറുമകനും മരിച്ചത്. ഒമിക്രോൺ സെക്ടർ 3 ലെ മിഗ്സൺ അൾട്ടിമോ അപ്പാർട്ട്മെന്റിലാണ് സംഭവം. സ്ത്രീ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ചെറുമകൻ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.
സംഭവം നടന്നത് ടവർ നമ്പർ 4 ന് സമീപമാണെന്നും സ്ത്രീയും ചെറുമകനും കെട്ടിടത്തിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ, കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രിൽ വീഴുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്നലെ ദില്ലിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണു. പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഗതാഗത തടസവുമുണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...