ഹൈദരാബാദ്: തെലങ്കാന ഹൃദയഭൂമിയില്‍ അടിത്തറയിളകിയതിന്‍റെ ആശങ്കയിലാണ് ടിആർഎസ്. തിരിച്ചടിയുടെ കാരണം പരിശോധിച്ച് തിരുത്തുമെന്ന് പാർട്ടി വർക്കിംഗ് പ്രസിഡന്‍റ് കെ.ടി. രാമറാവു പറഞ്ഞു. ഭരണ തുടർച്ചയ്ക്ക് ടിആർഎസിന് എഐഎംഐഎമ്മിന്‍റെ പിന്തുണ കൂടിയേ തീരൂ. അതേസമയം അട്ടിമറി മുന്നേറ്റം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി.
കേവലം പത്തു ശതമാനം വോട്ട് വിഹിതത്തില്‍ നിന്നും അഞ്ച് വർഷം കൊണ്ട് മുപ്പത്തിയഞ്ച് ശതമാനത്തിലധികം വളർച്ച നേടിയാണ് ബിജെപി ഹൈദരാബാദില്‍ നിർണായക ശക്തിയാകുന്നത്. ടിആർഎസിന്‍റെ കോട്ടകളാണ് പിടിച്ചെടുത്തതത്രയും. നഗരത്തില്‍ പ്രളയക്കെടുതിയുണ്ടായ മേഖലകളടക്കം ബിജെപി തൂത്തുവാരി.
ഭരണവിരുദ്ധവികാരവും ബിജെപിയുടെ തന്ത്രങ്ങളും ഒരുമിച്ച് ജനങ്ങളെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. മത്സരിച്ച 51 സീറ്റില്‍ 44ഉം നേടി എഐഎംഐഎം ശക്തികേന്ദ്രങ്ങൾ നിലനിർത്തിയെന്നതും ശ്രദ്ധേയം. മതാടിസ്ഥാനത്തിൽ കൃത്യമായി വോട്ട് ബിജെപി പിളർത്തിയെന്നത് ടിആർഎസ്സിന് ചില്ലറ ആശങ്കയല്ല സൃഷ്ടിക്കുന്നത്.
(കടപ്പാട്: നവഭാരത് ടൈംസ്, ഹൈദരാബാദ് എഡിഷൻ)
ടിആർഎസിന്‍റെ ഭരണത്തുടർച്ചയ്ക്ക് എംഐഎമ്മിന്‍റെ പിന്തുണ കൂടിയേ തീരൂ. ഒവൈസിയുമായി ഒരു തരത്തിലും സഖ്യമില്ലെന്ന് പറഞ്ഞാണ് ടിആർഎസ് ഇത്തവണ വോട്ട് തേടിയത്. ഈ സാഹചര്യത്തില്‍ ഇനി സഖ്യത്തിലേർപ്പെട്ടാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമോയെന്ന് ടിആർഎസിന് ആശങ്കയുണ്ട്. മേയറെ തിരഞ്ഞെടുക്കാന്‍ രണ്ട് മാസം സമയം ശേഷിക്കെ ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ടിആർഎസിന്‍റെയും എംഐഎംമ്മിന്‍റെയും പ്രതികരണം.
അതേസമയം, നഗരത്തില്‍ രണ്ടു ദിവസത്തേക്ക് ആഘോഷ പരിപാടികൾ നിരോധിച്ചിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. നേതാക്കളോട് ഒരാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തിലേക്ക് മാറാനും അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം ചരിത്രമുന്നേറ്റം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി. കേന്ദ്ര നേതാക്കളെയടക്കം പങ്കെടുപ്പിച്ച് വമ്പന്‍ റാലി സംഘടിപ്പിക്കാനാണ് ആലോചന.
നേരത്തെ നഗരത്തില്‍ ശക്തമായ സാന്നിധ്യമായിരുന്ന കോൺഗ്രസും ടിഡിപിയും ചിത്രത്തിലേ ഇല്ലാതാകുന്നതും ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam