
ദില്ലി: യമുനാ തീരത്തെ കൃഷി ഉടനടി അവസാനിപ്പിക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കർഷകർ. യമുന നദിയെ മലിനസമാക്കുന്ന രാസവസ്തുക്കൾ കൃഷിക്ക് ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൃഷി അവസാനിപ്പിക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടത്. എന്നാൽ ഈ കൃഷിഭൂമി വിട്ട് മറ്റൊരിടത്തേകും പോകാൻ തയ്യാറല്ലെന്നാണ് കർഷകർ പറയുന്നത്.
യമുന കരകവിഞ്ഞുണ്ടായ പ്രളയത്തിൽ നിന്ന് ഇവിടുത്തെ കർഷകർ മെല്ലെ കരകയറുന്നതേയുള്ളു. വെള്ളം കയറിയിറങ്ങിയ പുതുമണ്ണിൽ വീണ്ടും കൃഷി ഇറക്കി തുടങ്ങുകയാണ് കർഷകർ. ചീരയും, ഉരുളക്കിഴങ്ങും, കോളിഫ്ലവറുമാണ് സ്ഥലത്തെ പ്രധാന കൃഷി. വർഷം 18000 രൂപ പാട്ടം കൊടുത്ത ശേഷം ചെറിയ ലാഭം കിട്ടും. ഇതുകൊണ്ടാണ് ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്ന് യുപിക്കാരനായ പർമോദ് പറഞ്ഞു.
പർമോദിനെ പോലെ നിരവധി കർഷകർ ഇവിടെയുണ്ട്. പലർക്കും ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവിനെ കുറിച്ച് അറിവുമില്ല. നാഷണൽ എൻവയോണ്‍മെന്‍റൽ എഞ്ചിനീയറിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടും, മലിനീകരണ നിയന്ത്രണ ബോർഡുമാണ് ഇവിടുത്തെ പച്ചക്കറികളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മെർക്കുറി, ഇയ്യം, നിക്കൽ, കാഡ്മിയം എന്നിവ അനുവദനീയമായ അളവിലും കൂടുതൽ പച്ചക്കറികളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്.
യമുന നദിയിലും ഇതേയളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഉത്തരവ് നടപ്പിലാക്കാൻ ദില്ലി വികസന അതോറിറ്റിക്ക് ഹരിത ട്രിബ്യൂണൽ നിർദേശം നൽകി കഴിഞ്ഞു. ഇതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കുകയാണ് ദില്ലി വികസന അതോറിറ്റി. കൃഷി അവസാനിപ്പിച്ച് ഒഴിഞ്ഞ് പോകണമെന്ന നോട്ടീസ് പലയിടത്തും നൽകി തുടങ്ങി. മലിനീകരണത്തിന് തീരത്തെ കൃഷിമാത്രമാണ് കാരണം എന്ന വാദം കർഷകർ തള്ളുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam