'ടൂൾകിറ്റ്' കേസ്: മലയാളി അഭിഭാഷക നികിതയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് തടഞ്ഞു

By Web TeamFirst Published Feb 17, 2021, 1:05 PM IST
Highlights

ജസ്റ്റിസ് പി ഡി നായിക്ക് ആണ് നികിത ജേക്കബിന് അറസ്റ്റിൽ നിന്ന് മൂന്നാഴ്ചത്തേക്ക് സംരക്ഷണം നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റിൽ നിന്ന് സുരക്ഷണം നൽകുന്നത് ബോംബെ ഹൈക്കോതിയുടെ അധികാര പരിധിക്കുള്ളിൽ വരില്ലെന്ന ദില്ലി പൊലീസിന്റെ വാദം കോടതി തള്ളി.

മുംബൈ: സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ട്വിറ്ററിൽ തരംഗം സൃഷ്ടിക്കാൻ 'ടൂൾകിറ്റ്' പ്രചരിപ്പിച്ചെന്ന കേസിൽ ദില്ലി പൊലീസ് പ്രതിചേർത്ത മലയാളി അഭിഭാഷക നികിത ജേക്കബിന് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി ബോംബെ ഹൈക്കോടതി. ജസ്റ്റിസ് പി ഡി നായിക്ക് ആണ് നികിത ജേക്കബിന് അറസ്റ്റിൽ നിന്ന് മൂന്നാഴ്ചത്തേക്ക് സംരക്ഷണം നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റിൽ നിന്ന് സുരക്ഷണം നൽകുന്നത് ബോംബെ ഹൈക്കോതിയുടെ അധികാര പരിധിക്കുള്ളിൽ വരില്ലെന്ന ദില്ലി പൊലീസിന്റെ വാദം കോടതി തള്ളി. അറസ്റ്റ് ചെയ്യപ്പെട്ടാൽത്തന്നെ 25,000 രൂപയുടെ ആൾജാമ്യത്തിൻമേൽ നികിതയെ വിട്ടയക്കാവുന്നതാണെന്നും കോടതി ഉത്തരവിൽ പറയുന്നു. 

പരിസ്ഥിതി പ്രവർത്തകയായ ദിഷ രവി, മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബ്, പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ ശാന്തനു മുളുക് എന്നിവരാണ് 'ടൂൾകിറ്റ്' തയ്യാറാക്കിയതെന്നും, ഇതാണ് വിഖ്യാത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് ഷെയർ ചെയ്തതെന്നുമാണ് ദില്ലി പൊലീസിന്റെ വാദം. ഖാലിസ്ഥാനി ബന്ധമുള്ള സംഘടനയാണ് ദിഷയും ശാന്തനുവും നികിതയും ബന്ധപ്പെട്ടിരുന്ന പോയറ്റിക് ജസ്റ്റിസ് ഫൌണ്ടേഷനെന്നും, ഇവരെല്ലാം ചേർന്ന് സമൂഹത്തിൽ അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ദില്ലി പൊലീസ് തയ്യാറാക്കിയിരിക്കുന്ന എഫ്ഐആർ. 

ടെലിഗ്രാം വഴി ദിഷ രവി ഈ ടൂൾകിറ്റ് ഗ്രെറ്റയ്ക്ക് അയച്ചുനൽകിയെന്നും, ഇത് ഷെയർ ചെയ്യാൻ ആവശ്യപ്പെട്ടെന്നും ദില്ലി പൊലീസ് എഫ്ഐആറിൽ പറയുന്നു. ട്വിറ്ററിൽ ട്വീറ്റ് തരംഗം സൃഷ്ടിക്കണമെന്നും, വിവിധ എംബസികൾക്ക് മുന്നിൽ പ്രതിഷേധിക്കണമെന്നും ഗ്രെറ്റ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യാവിരുദ്ധ പ്രക്ഷോഭങ്ങൾ ലോകമെമ്പാടും നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നായിരുന്നു ദില്ലി പൊലീസിന്റെ വാദം. 

എന്നാൽ ഈ ആരോപണങ്ങളെയെല്ലാം നികിതയുടെ അഭിഭാഷകൻ നിഷേധിച്ചു. ഗ്രെറ്റ ടൂൾകിറ്റ് ഷെയർ ചെയ്തതോടെയാണ് ഇത് വലിയ പ്രശ്നമായി ദില്ലി പൊലീസ് കൈകാര്യം ചെയ്തതെന്ന് നികിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കർഷകർക്ക് വേണ്ടി അഭിപ്രായരൂപീകരണം നടത്തുക മാത്രമാണ് നികിത ചെയ്തത്. പോയറ്റിക് ജസ്റ്റിസ് ഫൌണ്ടേഷൻ എന്ന പേരിലോ, ആ സംഘടനയുടെ പ്രവർത്തനങ്ങളിലോ ഖാലിസ്ഥാൻ ബന്ധമില്ല. അവർ നിരോധിതസംഘടനയുമല്ല. അങ്ങനെയെന്ന് വാദിക്കുന്നതിന് തെളിവുകൾ കൊണ്ടുവരണം. 

അറസ്റ്റ് തടയാൻ നികിത കോടതിയെ സമീപിക്കാൻ കാരണം, ജാമ്യമില്ലാ വകുപ്പുകൾ ദില്ലി പൊലീസ് ചുമത്തിയതുകൊണ്ടാണെന്നും, നികിതയുടെ അഭിഭാഷകൻ വാദിച്ചു. ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, അടക്കമുള്ള ഐപിസി വകുപ്പുകൾ ചുമത്തിയാണ് ദില്ലി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

കേസിന്റെ മെറിറ്റുകളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന് പറഞ്ഞ കോടതി, നികിതയ്ക്ക് മൂന്നാഴ്ചത്തേക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം അനുവദിക്കുകയായിരുന്നു. 

click me!