
മുസാഫർനഗർ: വിവാഹമണ്ഡപത്തിലേക്ക് വരവേൽക്കാനെത്തിയ പെൺകുട്ടികളെ അധിക്ഷേപിച്ച വരനുമായുള്ള വിവാഹം വേണ്ടെന്ന് വച്ച് വധു.ഉത്തർപ്രദേശിലെ സിസൗളി ഗ്രാമത്തിലാണ് സംഭവം. ആചാരപ്രകാരം വരനെ വധുവിന്റെ കുടുംബത്തിലുള്ള പെൺകുട്ടികളാണ് സ്വീകരിക്കേണ്ടത്. ഇതിനിടെ പെൺകുട്ടികളെ വരൻ അപമാനിക്കുകയായിരുന്നുവെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു.
വിവാഹപന്തലിലെത്തിയ വരന്റെ ചെരുപ്പ് ഒളിപ്പിച്ചുവച്ച് പെൺകുട്ടികൾ പണം ആവശ്യപ്പെടുന്നതാണ് ആചാരം. 'ജുത ചുരായ്' എന്നാണീ ആചാരത്തിന്റെ പേര്. എന്നാൽ, തന്റെ ചെരുപ്പ് ഒളിപ്പിച്ച് വച്ച് തന്നോട് പണം ആവശ്യപ്പെട്ട പെൺകുട്ടികൾക്ക് നേരെ 22കാരനായ വരൻ വിവേക് കുമാർ ദേഷ്യപ്പെടുകയായിരുന്നു. വിവേകിനെ സമാധാനപ്പെടുത്താൻ വധുവിന്റെ കുടുംബം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കോപം അടക്കാനാകാതെ വിവേക് കൂട്ടത്തിലൊരാളെ മർദ്ദിക്കുകയും ചെയ്തു. വിവരമറിഞ്ഞ് വിവാഹപന്തലിലെത്തിയ വധു വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. തുടർന്ന് വിവാഹത്തിനെത്തിയ മുഴുവൻ ആളുകളെയും വധുവിന്റെ കുടുംബം മടക്കിയയച്ചു. എന്നാൽ, വരനെയും കുടുംബത്തെയും വധുവിന്റെ വീട്ടിൽ തടഞ്ഞുവച്ചു. പിന്നീട് ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തു.
സ്ത്രീധനമായി വാങ്ങിയ പത്ത് ലക്ഷം രൂപ തിരിച്ച് നൽകണമെന്ന കരാറോടുകൂടി വധുവിന്റെ വീട്ടുകാർ പ്രശ്നം പരിഹരിച്ചു. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. സ്റ്റേഷന് പുറത്ത് ഇരുവീട്ടുകാരും ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam