IAF Helicopter Crash : ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു; മരണം സ്ഥിരീകരിച്ച് വ്യോമസേന

Published : Dec 15, 2021, 01:04 PM ISTUpdated : Dec 15, 2021, 02:45 PM IST
IAF Helicopter Crash : ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു; മരണം സ്ഥിരീകരിച്ച് വ്യോമസേന

Synopsis

80 ശതമാനത്തോളം പൊള്ളലേറ്റിരുന്നെങ്കിലും വരുണ്‍ സിംഗിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്നത്തിലായിരുന്നു ബെംഗളൂരുവിലെ എയര്‍ഫോഴ്സ് കമാന്‍ഡ് ആശുപത്രി. 

ബെംഗളൂരു: കൂനൂരിലെ ഹെലികോപ്ടർ‍ അപകടത്തില്‍ (Helicopter Crash) പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്  (Varun Singh) അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം.  ഇതോടെ ഹെലികോപ്ടര്‍  അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ബെംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വരുണ്‍ സിംഗ്. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നെങ്കിലും വരുണ്‍ സിംഗിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്നത്തിലായിരുന്നു ഡോക്ടര്‍മാര്‍. അപകടത്തില്‍ വരുൺ സിംഗിന്‍റെ കൈകൾക്കും മുഖത്തുമാണ് ഗുരുതരമായി പൊള്ളലേറ്റത്. വില്ലിങ്ടൺ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ ഗ്രൂപ്പ് ക്യാപ്റ്റനെ എത്തിച്ചത്. 

കഴിഞ്ഞവര്‍ഷം വരുണ്‍ സിംഗ് ഓടിച്ചിരുന്ന എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ധ്യമാണ് വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിച്ചത്. ഉയർന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു. എന്നാല്‍ തകരാ‍ർ മനസ്സിലാക്കി മനസ്സാന്നിധ്യം കൈവിടാതെ അദ്ദേഹം ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കി. സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കിയാണ് വരുണ്‍ സിംഗിന്‍റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചത്. വെല്ലിംങ്ങ്ടണ്‍ ഡിഫന്‍സ് സർവീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫായി സേവനം അനുഷ്ഠിക്കവേ വീണ്ടും അപകടം സംഭവിക്കുകയായിരുന്നു. ബിപിന്‍ റാവത്തിനെ സ്വീകരിക്കാനായാണ് വരുണ്‍ സിംഗ് സുലൂരിലേക്ക് പോയത്. റിട്ട കേണല്‍ കെ പി സിംഗാണ് വരുണ്‍ സിംഗിന്‍റെ പിതാവ്. സഹോദരന്‍ തനൂജും നേവി  ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ഊട്ടിക്ക് സമീപം കൂനൂരിൽ 14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടർ തകർന്നത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു. 

PREV
click me!

Recommended Stories

ലോട്ടറിയടിച്ചു കോടിപതിയായി, വിവരം നാടാകെ പരന്നതോടെ പേടിച്ച് വീട് പൂട്ടി സ്ഥലം വിട്ട് ഭാഗ്യവതിയും കുടുംബവും
വൻ ശമ്പള വർധന; മുഖ്യമന്ത്രിക്ക് 3.74 ലക്ഷം, എംഎൽഎമാരുടെ ശമ്പളം 3.45 ലക്ഷം രൂപയായും വർധിപ്പിച്ച് ഒഡിഷ സർക്കാർ