പൊതുശുചിമുറികള്‍ വൃത്തിഹീനമെന്ന് ആരോപണം; നഗരസഭാ ഓഫിസില്‍ മൂത്രമൊഴിച്ച് പ്രതിഷേധം

By Web TeamFirst Published Nov 23, 2021, 8:12 PM IST
Highlights

ചൊവ്വാഴ്ച സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ നഗരസഭാ ഓഫീസ് കോമ്പൗണ്ടില്‍ കയറി വിവിധ ഭാഗങ്ങളില്‍ മൂത്രമൊഴിക്കുകയായിരുന്നു. പൊലീസെത്തിയെങ്കിലും ഇവരെ തടയാനായില്ല.
 

ഗഡഗ്: കര്‍ണാകയിലെ ഗഡഗില്‍ (Gadag) പൊതുശുചിമുറികള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് മൂത്രമൊഴിച്ച് (Urinated) സമരം. ശ്രീരാമസേന പ്രവര്‍ത്തകരാണ് (Sriram sena) മുനിസിപ്പല്‍ ഓഫിസില്‍ മൂത്രമൊഴിച്ച് പ്രതിഷേധിച്ചത്. 15ഓളം പ്രവര്‍ത്തകരെത്തിയാണ് മൂത്രമൊഴിച്ച് പ്രതിഷേധിച്ചത്. നഗരസഭാ പരിധിയിലെ പൊതു ശുചിമുറികള്‍ ഉപയോഗ യോഗ്യമാക്കണമെന്ന് ഇവര്‍ ഒരാഴ്ച മുമ്പ് നിവേദനം നല്‍കിയിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നഗരസഭാ ഓഫിസില്‍ മൂത്രമൊഴിക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ച സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ നഗരസഭാ ഓഫീസ് കോമ്പൗണ്ടില്‍ കയറി വിവിധ ഭാഗങ്ങളില്‍ മൂത്രമൊഴിക്കുകയായിരുന്നു. പൊലീസെത്തിയെങ്കിലും ഇവരെ തടയാനായില്ല. പത്ത് ദിവസത്തിനുള്ളില്‍ ആവശ്യം നടപ്പായില്ലെങ്കില്‍ വീണ്ടുമെത്തി മൂത്രമൊഴിക്കുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഏറെ ദിവസമായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും നഗരസഭാ പരിധിയിലെ പൊതു ശുചിമുറികള്‍ എല്ലാം വൃത്തിഹീനമായി കിടക്കുകയാണെന്നും സമരം തുടരുമെന്നും ശ്രീരാമസേന ധര്‍വാഡ് കണ്‍വീനര്‍ രാജു ഖാനപണവര്‍ പറഞ്ഞു. എന്നാല്‍, ഇവരുടെ ആവശ്യം അംഗീകരിച്ചതാണെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും നഗരസഭാ കമ്മീഷണര്‍ ഗുരുപ്രസാദ് പറഞ്ഞു. റോട്ടറി സര്‍ക്കിള്‍, തിലക് പാര്‍ക്ക്, രചോതേശ്വര്‍ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നല്ല വൃത്തിയുള്ള പൊതു ശുചിമുറികള്‍ ഉണ്ടെന്നും ചിലത് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ടെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. അറ്റകുറ്റപ്പണി നടത്താനുള്ള നടപടി പുരോഗമിക്കുകയാണെന്നു അദ്ദേഹം വ്യക്തമാക്കി.
 

click me!