പരമവിശിഷ്ട സേവാ മെഡല്‍ ഏറ്റുവാങ്ങി കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെപി പുരുഷോത്തമന്‍

By Web TeamFirst Published Nov 23, 2021, 7:23 PM IST
Highlights

മികച്ച സേവനത്തിന് രാഷ്ട്രം നല്‍കുന്ന ഉന്നത ബഹുമതിയാണിത്. പതിനായിരം അടിക്കുമുകളില്‍ ലോകത്തെ ഏറ്റവും നീളം കൂടിയ തുരങ്കമായ റോഹ്തഗ് പാസിന്റെ നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ചത് കെപി പുരുഷോത്തമനായിരുന്നു.
 

ദില്ലി: രാഷ്ട്രപതിയുടെ (President) പരമവിശിഷ്ട സേവാ മെഡല്‍ (Param vishist seva medal) ഏറ്റുവാങ്ങി കിഫ്ബി (KIIFB) എക്‌സിക്യൂട്ടീവ് ഡയറക്ടറും മുന്‍ ഐബിആര്‍ഒ അഡീഷണല്‍ ഡയറക്ടറുമായ കെപി പുരുഷോത്തമന്‍(KP Purushothaman). ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് (Ramnath Kovind) പുരസ്‌കാരം കൈമാറി. മികച്ച സേവനത്തിന് രാഷ്ട്രം നല്‍കുന്ന ഉന്നത ബഹുമതിയാണിത്. പതിനായിരം അടിക്കുമുകളില്‍ ലോകത്തെ ഏറ്റവും നീളം കൂടിയ തുരങ്കമായ റോഹ്തഗ് പാസിന്റെ നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ചത് കെപി പുരുഷോത്തമനായിരുന്നു. 9.02 കിലോമീറ്റര്‍ നീളമുള്ള തുരങ്കം 10 വര്‍ഷമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

നിര്‍മാണ മേഖലയില്‍ 41 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ളയാളാണ് കെപി പുരുഷോത്തമന്‍. ഇതുവരെ 5000ത്തിലേറെ കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനും നേതൃത്വം വഹിച്ചു. 1987ലാണ് സിവില്‍ എന്‍ജിനീയറായ പുരുഷോത്തമന്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ വകുപ്പില്‍ ജോലിക്ക് പ്രവേശിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലടക്കം പ്രവര്‍ത്തിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിലും ഏറെക്കാലം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കിഫ്ബിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. കണ്ണൂരാണ് സ്വദേശം. കേളേമ്പത്ത് കണ്ണനാണ് പിതാവ്. മതാവ് യശോദ. സിന്ധുവാണ് ഭാര്യ. ഡോക്ടറായ വരുണ്‍, അമേരിക്കയില്‍ കൊമേഴ്‌സ്യല്‍ പൈലറ്റായ യൂവിക എന്നിവര്‍ മക്കള്‍.
 

click me!