Ilayaraaja : പ്രതിഫലത്തിന് നികുതിയടച്ചില്ല; ഇളയരാജയ്ക്ക് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

Published : Apr 26, 2022, 02:51 PM ISTUpdated : Apr 26, 2022, 03:40 PM IST
Ilayaraaja : പ്രതിഫലത്തിന് നികുതിയടച്ചില്ല; ഇളയരാജയ്ക്ക് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

Synopsis

2013 മുതൽ 2015 വരെയുള്ള പ്രതിഫലത്തിന് 1.87 കോടി രൂപ നികുതി ഒടുക്കിയിട്ടില്ല എന്ന് കണ്ടെത്തിയതിന് തുട‍ര്‍ന്നാണ് ചരക്ക് സേവന നികുതി വകുപ്പ് 78-കാരനായ ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

ചെന്നൈ:  പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് (illayaraja) കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്‍റെ നോട്ടീസ്. 2013, 15 കാലത്തെ പ്രതിഫലത്തിനുള്ള 1.87 കോടി നികുതി ഇളയരാജ ഒടുക്കിയിട്ടില്ലെന്ന് കാട്ടിയാണ് നോട്ടീസ്. തുടർച്ചയായ സമൻസുകൾക്ക് ഇളയരാജ മറുപടി നൽകിയിട്ടുമില്ല. ജിഎസ്ടി വകുപ്പിന്‍റെ നടപടികളിൽ നിന്ന് രക്ഷപ്പെടാനാണ് ഇളയരാജ നരേന്ദ്രമോദിയെ സ്തുതിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.

പല തവണ സമൻസ് അയച്ചിട്ടും 1.87 കോടി രൂപയുടെ നികുതി കുടിശ്ശിക അടയ്ക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് കാട്ടിയാണ് ജിഎസ്ടി വകുപ്പ് ഇളയരാജയ്ക്ക് നോട്ടീസ് അയച്ചത്. ജിഎസ്ടി ഡയറക്ടറേറ്റ് ചെന്നൈ സോണൽ യൂണിറ്റ് ഇന്‍റലിജൻസിന്‍റേതാണ് നോട്ടീസ്. നികുതി കുടിശ്ശിക അടയ്ക്കണം എന്നാവശ്യപ്പെട്ട് ഫെബ്രുവരി 20നും മാർച്ച് ഒന്നിനും ഇളയരാജയ്ക്ക് സമൻസ് അയച്ചിരുന്നു. ഇളയരാജയോ അദ്ദേഹത്തിന്‍റെ പ്രതിനിധിയോ  മാർച്ച് 10ന് മുമ്പ് നികുതി അടച്ചതിന്‍റെ രേഖകൾ ഹാജരാക്കണം എന്നായിരുന്നു നിർദേശം. ഈ സമയപരിധി പിന്നീട് മാർച്ച് 28ലേക്ക് നീട്ടി.

ഇതിന് ശേഷമാണ് ഇളയരാജയുടെ വിവാദമായ അഭിപ്രായം പുറത്തുവന്നത്. ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ‘റിഫോമേഴ്സ് ഐഡിയാസ് പെർഫോമൻസ് ഇംപ്ലിമെന്‍റേഷൻ’ എന്ന പുസ്തകത്തിനാണ് ഇളയരാജ മോദിയെ സ്തുതിച്ചുകൊണ്ട് അവതാരിക എഴുതിയത്. ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്കറിന്‍റേയും നരേന്ദ്രമോദിയുടേയും ലക്ഷ്യങ്ങൾ ഒന്നാണെന്നും ഇരുവരും തമ്മിൽ സമാനതകളേറെയുണ്ടെന്നും മോദിയെ ഓർത്ത് അംബേദ്കറിന് അഭിമാനിക്കാമെന്നും മറ്റുമായിരുന്നു പരാമർശങ്ങൾ.

നടപടികളിൽ നിന്ന് രക്ഷപ്പെടാനാണ് മോദി സ്തുതിയെന്ന് പല കോണിൽ നിന്നും വിമർശനങ്ങൾ വന്നു. തുടർന്ന് രാജ്യസഭാ സീറ്റിലേക്ക് ഇളയരാജയെ പരിഗണിക്കുന്നതായും അഭ്യൂഹമുയർന്നു. ഇളയരാജയ്ക്ക് ഭാരതരത്നം നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ആവശ്യപ്പെട്ടു. ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി.നദ്ദ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ തുടങ്ങിയവരും ഇളയരാജയെ പിന്തുണച്ച് രംഗത്തെത്തി. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ ജിഎസ്ടി വകുപ്പ് ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടീസയച്ചത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം