
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടം വിധിയെഴുതുന്നത് 89 മണ്ഡലങ്ങളാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ എട്ടിന് നടക്കും. 4. 9 കോടി വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 51, 782 പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞവേള ഒറ്റഘട്ടമായിരുന്നു തെരഞ്ഞെടുപ്പ്.
ഗുജറാത്ത് നിയമസഭയുടെ കാലാവധി കഴിയുന്നതിന് 110 ദിവസം മുന്‍പാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് കമ്മീഷന്‍ വിശദീകരിച്ചു. ഫെബ്രുവരി പതിനെട്ടിനേ നിയമസഭയുടെ കാലാവധി കഴിയു. അതിനാല്‍ പ്രഖ്യാപനം വൈകിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കമ്മീഷന്‍റെ വാദം. ഹിമാചല്‍ നിയമസഭയുടെ കാലാവധി ജനുവരി 8 ന് കഴിയും. ശൈത്യകാലം ശക്തമാകാന്‍ സാധ്യതയുള്ളതിനാലാണ് അവിടെ തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതെന്നും കമ്മീഷന്‍ വിശദീകരിച്ചു. കളിയില്‍ തോറ്റ ടീം അമ്പയറെ കുറ്റം പറയുന്നത് പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പിന് 8 ദിവസം മാത്രം ശേഷിക്കേ പ്രചാരണത്തിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് പാർട്ടികൾ. ഭരണ വിരുദ്ധ വികാരം മറികടക്കാൻ കേന്ദ്ര നേതാക്കളുടെ നീണ്ട നിരയെ ഇറക്കിയാണ് ബിജെപി പ്രചരണം. മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടിടങ്ങളിൽ റാലി നടത്തും. ഉയർത്തിക്കാട്ടാൻ ഒരു മുഖമില്ലെന്ന വെല്ലുവിളിയാണ് കോൺഗ്രസ് നേരിടുന്നത്. പല മണ്ഡലങ്ങളിലും വിമത ഭീഷണി കൂടി ഉയർന്നത് രണ്ട് പാർട്ടികൾക്കും തലവേദനയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam