വിവാഹത്തിലൂടെയുള്ള നിർബന്ധിത മതംമാറ്റം കുറ്റകരമാക്കി; ​ഗുജറാത്ത് നിയമസഭ മതസ്വാതന്ത്ര്യ നിയമം ഭേദ​ഗതി ചെയ്തു

By Web TeamFirst Published Apr 2, 2021, 1:38 PM IST
Highlights

ഇരകള്‍ പ്രായപൂര്‍ത്തിയാകാത്തവരോ സ്ത്രീകളോ  പട്ടികജാതി, പട്ടിക വര്‍ഗക്കാരോ ആണെങ്കില്‍ നാലുമുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.  സംഘടനകളുടെ ഭാരവാഹികളാണ് കുറ്റത്തിന് നേതൃത്വം നല്‍കുന്നതെങ്കിൽ 10 വര്‍ഷം വരെ തടവിനും അഞ്ചുലക്ഷം രൂപവരെ പിഴയ്ക്കും ശിക്ഷിക്കാം.

അഹമ്മദാബാദ്: വിവാഹത്തിലൂടെയുള്ള നിര്‍ബന്ധിത മതംമാറ്റം കുറ്റകരമാക്കി ​ഗുജറാത്ത് നിയമസഭ ഭേദ​ഗതി ബിൽ പാസ്സാക്കി. വിവാഹത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലുള്ള വഞ്ചനയിലൂടെയോ നിർബന്ധിത മതംമാറ്റം നടത്തിയാൽ പരമാവധി അഞ്ച് ലക്ഷം രൂപ പിഴയും പത്ത് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് നിയമഭേദ​ഗതിയിൽ വ്യക്തമാക്കി. ബലംപ്രയോ​ഗിച്ചോ പ്രലോഭിപ്പിച്ചോ മതപരിവർത്തനം നടത്തുന്നത് തടയുന്ന 2003 ലെ നിയമമാണ് ഭേദ​ഗതി ചെയ്തിരിക്കുന്നത്. കര്‍ശന വ്യവസ്ഥകളോടെയാണ്  മതസ്വാതന്ത്ര്യനിയമം ഭേദഗതി ചെയ്തിരിക്കുന്നത്.  ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ നിയമം നേരത്തേ നടപ്പിലാക്കിയിരുന്നു. 

നിയമഭേദ​ഗതി അനുസരിച്ച്  വിവാഹത്തിലൂടെയുള്ള മതപരിവർത്തനം, അല്ലെങ്കിൽ മതംമാറ്റത്തിന് വേണ്ടി ഒരു വ്യക്തിയെ വിവാഹം ചെയ്യുക, അല്ലെങ്കിൽ ഇത്തരത്തിൽ വിവാഹം ചെയ്യാൻ മറ്റൊരു വ്യക്തിയെ സഹായിക്കുക ഇവയെല്ലാം കുറ്റകരമാണ്. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇരകള്‍ പ്രായപൂര്‍ത്തിയാകാത്തവരോ സ്ത്രീകളോ  പട്ടികജാതി, പട്ടിക വര്‍ഗക്കാരോ ആണെങ്കില്‍ നാലുമുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.  സംഘടനകളുടെ ഭാരവാഹികളാണ് കുറ്റത്തിന് നേതൃത്വം നല്‍കുന്നതെങ്കിൽ 10 വര്‍ഷം വരെ തടവിനും അഞ്ചുലക്ഷം രൂപവരെ പിഴയ്ക്കും ശിക്ഷിക്കാം.

അതേസമയം ബില്ലിനെതിരെ കോൺ​ഗ്രസ് വൻപ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. നിയമസഭയിൽ ഒരു ദിവസത്തെ ചർച്ചക്ക് ശേഷമാണ് ബിൽ പാസാക്കിയത്. മതപരിവർത്തനത്തിന് പിന്നിൽ ലൗജിഹാദ് എന്ന അജണ്ടയാണ് മറഞ്ഞിരിക്കുന്നതെന്ന് ബില്ല് സഭയിൽ അവതരിപ്പിച്ച ആഭ്യന്തരമന്ത്രി പ്രദീപ് സിം​ഗ് ജഡേജ പറഞ്ഞു. അതേ സമയം, ''മതത്തെയോ ജാതിയെയോ അടിസ്ഥാനപ്പെടുത്തിയല്ല പ്രണയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരേഷ് ധനാനി അഭിപ്രായപ്പെട്ടു. സ്നേഹത്തിന് അതിരുകളില്ല. അത് ഒരു മതത്തെയും കാണുന്നില്ല. ജാതിയുമില്ല. അതൊരു വികാരമാണ്. അതിൽ നിയന്ത്രണങ്ങളൊന്നുമുണ്ടാകരുത്.'' വികാരങ്ങളെ നിയന്ത്രിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

click me!