
അഹമ്മദാബാദ്: പത്ത് കോടി രൂപയുടെ അഴിമതി നടത്തിയ കേസില്‍ ഗുജറാത്തിലെ ഖേദ ജില്ലയിലെ സഹകരണ സംഘം ചെയര്‍മാനെ ആന്‍റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഗ്രാമ വികസന ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനും, ഗോ രക്ഷ സംഘത്തിലെ ഉന്നതനുമടക്കം നിരവധി പ്രമുഖര്‍ക്ക് അഴിമതിയുമായി ബന്ധമുണ്ടെന്നാണ് ആന്‍റി കറപ്ഷന്‍ ബ്യൂറോ നല്‍കുന്ന വിവരം.
കഴിഞ്ഞ വർഷം ഗ്രാമവികസന ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥൻ 10 കോടി രൂപ വിവിധ സ്ഥാപനങ്ങള്‍ക്കായി അനധികൃതമായി നല്‍കി. ഇതില്‍ 1.01 കോടി രൂപയുടെ ധനസഹായം ഖേദ ജില്ലയിലെ സഹകരണ സംഘം ചെയർമാൻ നരേന്ദ്ര വാഗേല തട്ടിയെടുത്തെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിനൊടുവില്‍ വ്യാഴാഴ്ച അഴിമതിക്കേസിൽ വാഗേലയെ ആന്‍റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു.
2019 നവംബറിൽ 10.15 കോടി രൂപയുടെ പേയ്‌മെന്റുകൾ ക്ലിയർ ചെയ്തതിന് ഗ്രാമ വികസന ബോര്‍ഡിന്‍റെ ബോർഡിന്റെ അനിമൽ ഹസ്ബൻഡറി യൂണിറ്റിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന എസ് ഡി പട്ടേലിനെതിരെ ആന്‍റി കറപ്ഷന്‍ ബ്യൂറോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണമാണ് വാഗേലയിലേക്കുമെത്തിയത്.
കന്നുകാലികളുടെ അടിസ്ഥാന സൌകര്യവികസനത്തിനായി ബോര്‍ഡ് നടത്തുന്ന പദ്ധതികളുടെ പേരിലാണ് സംഘം പണം തട്ടിയത്. സഹകരണ സംഘം ചെയര്‍മാനായ വഗേല കരാറുകാരനാണെന്ന വ്യാജേന അപേക്ഷ നല്‍കി ഒരു കോടി രൂപ വഴിവിട്ട് നേടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam