'കർഷക നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാകുമോ'? കേന്ദ്രത്തോട് കോടതി

By Web TeamFirst Published Dec 17, 2020, 5:31 PM IST
Highlights

ചര്‍ച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കാര്‍ഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാകുമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിൽ ഇടപെടില്ല എന്നും കോടതി പറഞ്ഞു.

ദില്ലി: ചര്‍ച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കാര്‍ഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാകുമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. റോഡ് ഉപരോധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പ്രതിഷേധിക്കാൻ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നും കര്‍ഷകരുടെ  അവകാശത്തിൽ ഇടപെടില്ല എന്നും കോടതി പറഞ്ഞു. റോഡ് ഉപരോധിച്ച് പ്രതിഷേധം തുടര്‍ന്നാൽ ദില്ലിയിലെ ജനങ്ങൾക്ക് വിശന്നുകിടക്കേണ്ടിവരും. അക്കാര്യം മാത്രം പരിശോധിക്കാമെന്ന് അറിയിച്ച കോടതി അതുവരെ കാര്‍ഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാകുമോ എന്നും കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.

എന്നാൽ കര്‍ഷകര്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് അറ്റോര്‍ണി ജനറൽ കെകെവേണുഗോപാൽ അറിയിച്ചു. സര്‍ക്കാരും വിട്ടുവീഴ്ചക്ക് തയ്യാറല്ലല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി. കര്‍ഷകരോട് പ്രകോപനപരമായി പൊലീസ് പെരുമാറരുത്. കര്‍ഷക സംഘടനകൾക്ക് നോട്ടീസ് അയച്ച കോടതി ചര്‍ച്ചകളിലൂടെ പ്രശ്നങ്ങൾ തീര്‍ക്കണമെന്നും നിര്‍ദ്ദേശിച്ചു. 

സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് സിംഗുവിലെ സമരസ്ഥലത്തിന് അടുത്ത് സിഖ് പുരോഹിതൻ ബാബ രാംസിംഗ് സ്വയം വെടിവെച്ച് മരിച്ചിരുന്നു.

ഇന്ന് തണുപ്പുമൂലം 37 കാരനായ ഒരു കര്‍ഷകനും മരിച്ചു. ഇതോടെ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം 23 ആയി. പ്രക്ഷോഭം കടുക്കുമ്പോൾ നിയമങ്ങൾ കര്‍ഷകര്‍ക്ക് വേണ്ടിയെന്ന പ്രചരണം ശക്തമാക്കുകയാണ് കേന്ദ്രം. നാളെ പ്രധാനമന്ത്രി മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യും.

click me!