
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു. 86 വയസായിരുന്നു. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇസ്ഹാൻ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി. വാര്‍ധക്യസഹജമായ ആസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദിൽവെച്ചായിരുന്നു അന്ത്യം.
2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെതുടര്‍ന്നുണ്ടായ ഗുൽബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചയാളാണ് സാകിയ ജാഫ്രി. ഗുൽബര്‍ഗ് സൊസൈറ്റിയിൽ നടന്ന കലാപത്തിലാണ് എഹ്സാൻ ജാഫ്രി കൊല്ലപ്പെട്ടത്. കലാപത്തെതുടര്‍ന്ന് 2006 മുതൽ ഗുജറാത്ത് സര്‍ക്കാരിനെതിരെ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയ സാകിയ ജാഫ്രി കലാപത്തിലെ ഇരകളുടെ നീതിക്കായുള്ള പോരാട്ടത്തിന്‍റെ മുഖമായി മാറി. 2023വരെ കൂട്ടക്കൊലയുടെ വാര്‍ഷികത്തിൽ സാകിയ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ തന്‍റെ വീട്ടിലെ അവശിഷ്ടങ്ങള്‍ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒപ്പം അവരുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടിരുന്നു. കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് നിയമപോരാട്ടത്തിന് ഇറങ്ങിയതോടെ ആണ് ദേശീയ ശ്രദ്ധയിൽ എത്തുന്നത്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഒൻപത് കേസുകൾ പുനരന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് സാകിയ ജാഫ്രിയുടെ ഇടപെടലിനെ തുടർന്നായിരുന്നു.