
അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഗോമൂത്രത്തിന് ആവശ്യകത വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ എക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ഗോമൂത്ര ഉപയോഗം പ്രതിദിനം 6000 ലിറ്ററായി വര്‍ധിച്ചെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കത്തിരിയ പറഞ്ഞു.
'ഗോമൂത്രം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് നിരവധിപേര്‍ വിശ്വസിക്കുന്നതാണ് ഉപഭോഗം വര്‍ധിക്കാന്‍ കാരണം. സംസ്ഥാനത്തിന് പുറത്തേക്കും ഗോമൂത്രം അയക്കുന്നുണ്ട്. ചിലര്‍ കുടിക്കുക മാത്രമല്ല, കീടാണുക്കളെ കൊല്ലാന്‍ ശരീരത്ത് ബോഡി സ്പ്രേ ആയും ഉപയോഗിക്കുന്നുണ്ട്. ദഹനം സുഗമമാക്കാനും ശ്വേതരക്താണുക്കളെ ശക്തിപ്പെടുത്തുമെന്നും ചിലര്‍ വിശ്വസിക്കുന്നു. ഗോമൂത്രത്തിന് മാത്രമല്ല, ഐസ് രൂപത്തിലാക്കിയും ആവശ്യക്കാരുണ്ട്. ചിലര്‍ വായില്‍ക്കൊള്ളാനും ഗോമൂത്രം ഉപയോഗിക്കുന്നു;- വല്ലഭ് കിത്തിരിയ പറഞ്ഞു.
ഗോമൂത്രം ബാക്ടീരിയകളെ കൊല്ലുമെന്നും കൊറോണവൈറസിനെ തുരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ 4000 ഗോശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും 500 എണ്ണത്തില്‍ നിന്ന് സജീവമായി ഗോമൂത്രം ശേഖരിക്കുന്നുണ്ട്. അഖില ഭാരത് ഹിന്ദു മഹാസഭ ദില്ലിയില്‍ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത് വാര്‍ത്തയായിരുന്നു. 200ഓളം പേരാണ് പങ്കെടുത്തത്. കൊല്‍ക്കത്തയില്‍ കൊറോണക്കെതിരെ ഗോമൂത്രം കുടിച്ച ഒരാള്‍ കുഴഞ്ഞ് വീണ സംഭവവുമുണ്ടായി. ബിജെപിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഗോമൂത്രം മനുഷ്യ ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നതിനോ ഏതെങ്കിലും രോഗത്തിന് മരുന്നാണെന്നതിനോ ശാസ്ത്രീയമായ തെളിവുകള്‍ ഇതുവരെയില്ല. എങ്കിലും ഗോമൂത്രം ഔഷധമാണെന്ന് പലരും വിശ്വസിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam