നിസാമുദ്ദിൻ സമ്മേളനം; 9000 പേർ കൊവിഡ് സാധ്യതാ പട്ടികയിൽ

By Web TeamFirst Published Apr 2, 2020, 8:12 PM IST
Highlights

400ലധികം കൊവിഡ് കേസുകൾ മർക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ദില്ലിയിലെ 219ൽ 108ഉം മർക്കസിൽ എത്തിയവരിലാണ്. രണ്ടു പേർ ദില്ലിയിൽ മരിച്ചു.

ദില്ലി: തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട 9000പേരെ രോഗസാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രം. സമ്മേളനത്തിൽ പങ്കെുത്ത 20 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തു.

നിസാമുദ്ദിൻ സമ്മേളനത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ 8000 പേരെ നിരീക്ഷിക്കാൻ കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇതുവരെ കണ്ടെത്തിയവരും അവരോട് ഇടപഴകിയവരും ഉൾപ്പടെ 9000 പേരുടെ പട്ടികയാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ഇവരെയെല്ലാം പ്രത്യേകം നിരീക്ഷിക്കും.

400ലധികം കൊവിഡ് കേസുകൾ മർക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ദില്ലിയിലെ 219ൽ 108ഉം മർക്കസിൽ എത്തിയവരിലാണ്. രണ്ടു പേർ ദില്ലിയിൽ മരിച്ചു. തബ്ലീഗ് ജമാഅത്ത് മൗലാന മുഹമ്മദ് സാദ് ഉൾപ്പടെ അറുപേർക്കെതിരെയാണ് കേസെടുത്തത്.താൻ നിരീക്ഷണത്തിലാണ് എന്ന് മൗലാന പറയുന്ന ശബ്ദരേഖ ചില മാധ്യമങ്ങൾ പുറത്തുവിട്ടു.

"ഡോക്ടർമാരുടെ ഉപദേശപ്രകാരം ഞാൻ ദില്ലിയിൽ ക്വാറൻറൈനിൽ കഴിയുകയാണ്. എല്ലാവരുടെ ഇപ്പോൾ ആരോഗ്യപ്രവർത്തകരുടെ ഉപദേശം അനുസരിക്കുക."-മൗലാന മുഹമ്മദ് സാദ് 

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ സെക്രട്ടറി സ്ഥിതി വിശദീകരിച്ചു. മർക്കസിലെത്തി മടങ്ങിയവരെ കണ്ടെത്താൻ ഊർജ്ജിത ശ്രമം തുടരുന്നു എന്ന് മുഖ്യമന്ത്രിമാർ യോഗത്തെ അറിയിച്ചു

click me!