
ദില്ലി: ഇന്ത്യക്കെതിരെ പാകിസ്ഥാനിൽ പ്രസ് മീറ്റ് നടത്തിയ ഖാലിസ്ഥാൻ സംഘടന സിഖ് ഫോർ ജസ്റ്റിസിനും (എസ്‌എഫ്‌ജെ) ഗുർപത്വന്ത് സിംഗ് പന്നൂവിനെതിരെയും കേസ്. എൻ ഐ എ ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പഞ്ചാബിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രസ് മീറ്റ്. ഇന്ത്യൻ ക്രിമിനൽ കോഡിലെ വിവിധ വകുപ്പുകൾ, ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്), നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) എന്നിവയും എഫ്‌ഐആറിൽ ചുമത്തിയിട്ടുണ്ട്.
പാകിസ്ഥാൻ ഭീകര താവളങ്ങൾക്കെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നടന്ന് മാസങ്ങൾക്ക് ശേഷം, ഓഗസ്റ്റ് 10 ന് പാകിസ്ഥാനിലെ ലാഹോർ പ്രസ് ക്ലബ്ബിൽ പന്നൂൺ "മീറ്റ് ദി പ്രസ്സ്" സംഘടിപ്പിച്ചിരുന്നു. അമേരിക്കയിലെ വാഷിംഗ്ടണിൽ താമസിക്കുന്ന പന്നൂൺ വീഡിയോ ലിങ്ക് വഴി മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുവെന്നും പഞ്ചാബിനെ മോചിപ്പിക്കണമെന്നടക്കമുള്ള പ്രസ്താവനകൾ നടത്തിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.