
ദില്ലി: വാരാണസിയിലെ ഗ്യാൻവാപി മസ്‍ജിദിലെ നിലവറ അടച്ച് സീൽ വയ്ക്കാൻ ജില്ലാ സിവിൽ കോടതിയുടെ ഉത്തരവ്. സർവേ നടത്തിയ അഡ്വക്കേറ്റ് കമ്മീഷണർമാർ മസ്‍ജിദിലെ നിലവറയിൽ ശിവലിംഗം കണ്ടെത്തിയതായി അറിയിച്ച പശ്ചാത്തലത്തിലാണിത്. നിലവറയ്ക്ക് സിആർപിഎഫ് സുരക്ഷ ഒരുക്കാനും മസ്‍ജിദിന്റെ ഈ ഭാഗത്ത് ഇരുപതിൽ കൂടുതൽ പേരെ നമസ്കരിക്കാൻ അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. നാളെ റിപ്പോർട്ട് പരിഗണിച്ച ശേഷം കോടതി തുടർ നടപടി തീരുമാനിക്കും. ഇന്ന് സർവേ പൂർത്തിയായ ശേഷമാണ് ശിവലിംഗം കണ്ടെത്തി എന്ന വിവരം അഭിഭാഷകർ കോടതിയെ അറിയിച്ചത്. ഇതിനിടെ സർവേയ്ക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും. സർവേ തടയണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്നത്.
ഗ്യാൻവാപി മസ്‍ജിദ് (Gyanvapi Mosque) പരിസരത്ത് ഹിന്ദു വിഗ്രഹങ്ങളുണ്ടോയെന്ന് കണ്ടെത്താനുള്ള സർവേ തുടരാൻ കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു. സർവേ നടത്തുന്ന അഡ്വക്കേറ്റ് കമ്മീഷണറെ മാറ്റണമെന്ന അപേക്ഷ തള്ളിയായിരുന്ന വാരാണസി കോടതിയുടെ നിർദേശം. രണ്ട് കമ്മീഷണർമാരെ കൂടി നിയമിക്കുകയും സർവേക്ക് സംരക്ഷണം നല്‍കാന്‍ യുപി പൊലീസിന് കോടതി നിർദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി മസ്‍ജിദിന്‍റെ പടിഞ്ഞാറേ മതിലിനോട് ചേർന്നുള്ള വിഗ്രഹങ്ങളിൽ പ്രാർത്ഥന നടത്താൻ അഞ്ച് സ്ത്രീകളാണ് കോടതിയിൽ അപേക്ഷ നല്‍കിയത്. ശ്രിംഗാർ ഗൗരി, ഗണേശ വിഗ്രഹങ്ങളിൽ എല്ലാ ദിവസവും പ്രാർത്ഥനയ്ക്ക് അനുവാദം വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. മസ്‍ജിദ് കോംപ്ലക്സിനകത്ത് കൂടുതൽ വിഗ്രഹങ്ങളുണ്ടെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് അജയ് മിശ്രയെ അഡ്വക്കേറ്റ് കമ്മീഷണറായി കോടതി നിയോഗിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam