
ബംഗളൂരു: ഇന്ത്യൻ പാരമ്പര്യം പഠിക്കാൻ സോണിയ ഗാന്ധി ആദ്യം പ്രയാസപ്പെട്ടെന്നും രാഷ്ട്രീയം ഇഷ്ടമല്ലായിരുന്നെന്നും മകളും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര പറഞ്ഞു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്ത്രീ കേന്ദ്രീകൃത കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ധീരരും ശക്തരുമായ രണ്ട് സ്ത്രീകളാണ് തന്നെ വളർത്തിയതെന്നും മുത്തശ്ശി ഇന്ദിരാഗാന്ധിയെയും അമ്മ സോണിയാ ഗാന്ധിയെയും സൂചിപ്പിച്ച് പ്രിയങ്ക പറഞ്ഞു.
ഇന്ദിരാഗാന്ധിക്ക് 33 വയസ്സുള്ള മകനെ നഷ്ടപ്പെടുമ്പോൾ തനിക്ക് എട്ട് വയസ്സായിരുന്നു. എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണത്തിന്റെ അടുത്ത ദിവസം തന്നെ അവർ രാജ്യത്തെ സേവിക്കാൻ ജോലിക്ക് പോയി. അത് അവരുടെ കടമയും ആന്തരിക ശക്തിയും ആയിരുന്നു. മരിക്കുന്നതുവരെ ഇന്ദിരാഗാന്ധി രാഷ്ട്രസേവനം തുടർന്നു.
21-ാം വയസ്സിലാണ് സോണിയ രാജീവ് ഗാന്ധിയുമായി പ്രണയത്തിലായത്. അദ്ദേഹത്തെ വിവാഹം ചെയ്യാനായി ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് സോണിയ വന്നു. നമ്മുടെ പാരമ്പര്യം പഠിക്കാൻ അവർ വളരെയധികം പ്രയാസപ്പെട്ടു. അവർ ഇന്ത്യയുടെ രീതികൾ പഠിച്ചു. ഇന്ദിരാ ഗാന്ധിയിൽ നിന്ന് അവരെല്ലാം പഠിച്ചെടുത്തു. 44ാം വയസ്സിലാണ് സോണിയക്ക് ഭർത്താവിനെ നഷ്ടപ്പെട്ടത്. രാഷ്ട്രീയം ഇഷ്ടമല്ലാതിരുന്നിട്ടും രാജ്യസേവനത്തിനായി അവർ ആ മാർഗം തെരഞ്ഞെടുത്തു. ഇന്ന് 76ാം വയസ്സിലും അവരാ സേവനം തുടരുകയാണ്. വളരെ പ്രധാനപ്പെട്ട ഒരു കാര്യം സോണിയാ ഗാന്ധി ഇന്ദിരാ ഗാന്ധിയിൽ നിന്ന് പഠിച്ചെടുത്തു. നിങ്ങളുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും, അതെത്ര വലിയ ദുരന്തമായാലും , നിങ്ങളുടെ പോരാട്ടം എത്ര ആഴത്തിലുള്ളതായാലും തനിച്ച് നിന്ന് പോരാടാനുള്ള ധൈര്യം ഉണ്ടാവണം എന്നതാണ് അതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
Read Also: ബാലറ്റ് പെട്ടി വിവാദം: മലപ്പുറം കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam