Asianet News MalayalamAsianet News Malayalam

ബാലറ്റ് പെട്ടി വിവാദം: മലപ്പുറം കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

പെരിന്തൽമണ്ണ ട്രഷറിയിൽ സൂക്ഷിക്കേണ്ടിയിരുന്നതാണ് പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തർക്ക വിഷയമായ സ്പെഷ്യൽ തപാൽ വോട്ടുകളുടെ പെട്ടി

Sanjay Kaul seeks report from Malappuram District collector on ballot box missing case
Author
First Published Jan 16, 2023, 7:58 PM IST

തിരുവനന്തപുരം: ബാലറ്റ് പെട്ടി വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. മലപ്പുറം ജില്ലാ കളക്ടറോടാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനായ സഞ്ജയ് കൗൾ റിപ്പോർട്ട് തേടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും വോട്ടുപെട്ടി മാറിയതെങ്ങനെ എന്നതിൽ വ്യക്തതയില്ലെന്നും പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ പ്രതികരിച്ചു.

പെരിന്തൽമണ്ണ ട്രഷറിയിൽ സൂക്ഷിക്കേണ്ടിയിരുന്നതാണ് പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തർക്ക വിഷയമായ സ്പെഷ്യൽ തപാൽ വോട്ടുകളുടെ പെട്ടി. ഇത്  മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാർ ഓഫീസിൽ നിന്നാണ് ഇന്ന് കണ്ടെത്തിയത്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവച്ച 348 തപാൽ വോട്ടുകളടങ്ങിയ പെട്ടികളിൽ ഒന്നിനാണ് സ്ഥാനമാറ്റം സംഭവിച്ചത്. അട്ടിമറി ആരോപിച്ച് യുഡിഎഫ്  എംഎൽഎ നജീബ് കാന്തപുരവും ഇടത് സ്ഥാനാർഥി കെപിഎം മുസ്തഫയും രംഗത്തെത്തി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരംജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ ഇടത്  സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ  സമീപിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാൻ  പെരിന്തൽമണ്ണ ട്രഷറിയിൽ എത്തിയ ഉദ്യോഗസ്ഥർക്ക് പക്ഷെ മൂന്ന് പെട്ടികളിൽ ഒന്ന് കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തെരച്ചിലിൽ മലപ്പുറം സഹകരണ രജിസ്റ്റർ ഓഫീസിൽ ഈ പെട്ടി കണ്ടെത്തി. 

പെരിന്തൽമണ്ണ ട്രഷറിയിൽ നിന്നും തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടുകളും മറ്റും  മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാറുടെ ഓഫീസിലേക്ക് മാറ്റുന്നതിനിടെ നിയമസഭ തെരഞ്ഞെടുപ്പ് തപാൽ വോട്ടു പെട്ടിയും ഉൾപ്പെട്ടു പോയതെന്നാണ് ഉദ്യോഗസ്ഥരുടെ  അനൗദ്യോഗിക വിശദീകരണം. റിട്ടേണിങ് ഓഫീസറും തെരഞ്ഞെടുപ്പ് സാമഗ്രികളുടെ കസ്റ്റോഡിയനുമായ പെരിന്തൽമണ്ണ സബ് കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ട്രഷറിയിലും സഹകരണ രജിസ്റ്റർ ഓഫീസിലും പരിശോധനകൾ നടത്തി.

Follow Us:
Download App:
  • android
  • ios