
ദില്ലി: ഉത്തർ പ്രദേശിലെ ഹാപൂരില്‍ കെമിക്കൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ 21 പേർ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പലരുടെയും നില ഗുരുതരമാണ്. 12 പേർ ഇതുവരെ മരിച്ചു. അപകട കാരണം കണ്ടെത്താനായി ഫോറന്‍സിക് സംഘം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഹാപുർ ജില്ലയിലെ വ്യവസായിക മേഖലയിലെ കെമിക്കൽ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് ഹാപൂറിലെ ഫാക്ടറി പ്ലാന്റിനകത്ത് അപകടം ഉണ്ടായത്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന മേഖലയാണ് ഇത്. നൂറിലേറെ പേർ ഫാക്ടറിയിൽ അപകടം നടന്ന സമയത്ത് ജോലി ചെയ്തിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. തുടക്കത്തിൽ എട്ട് പേർ മരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ആറ് പേരുടെ മരണമായിരുന്നു ആദ്യ ഘട്ടത്തിൽ സ്ഥിരീകരിച്ചത്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. റുഹി ഇന്റസ്ട്രീസിന്റെ ഫാക്ടറിയിലാണ് ഇന്നലെ അപകടം നടന്നത്. സ്ഫോടനത്തെ തുടർന്ന് ഫാക്ടറി കെട്ടിടത്തിന്റെ ഭാഗങ്ങൾ വായുവിൽ പറന്ന് പൊതുനിരത്തിലേക്ക് വീഴുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.