ഹരിയാനയിൽ 84 അംഗ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി; സുർജേവാലയും മത്സരിക്കും, അശോക് തൻവറിന് സീറ്റില്ല

By Web TeamFirst Published Oct 3, 2019, 6:53 AM IST
Highlights

നിലവിലെ 17 എംഎൽഎമാരിൽ 16 പേർക്കും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്. കോൺഗ്രസ്സ് മാധ്യമ വിഭാഗം തലവൻ രൺദീപ് സിങ് സുർജേവാല കൈത്താലിൽ നിന്നും മത്സരിക്കും.

ദില്ലി: ഹരിയാനയിലെ 84 സ്ഥാനാർത്ഥികളെയും കോൺഗ്രസ് പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡയും കോൺഗ്രസ് മാധ്യമ വിഭാഗം തലൻ രൺദീപ് സിംഗ് സുർജേവാലയും അടങ്ങിയതാണ് സ്ഥാനാർത്ഥി പട്ടിക. കലാപക്കൊടിയുയർത്തിയ ഹരിയാന മുൻ പിസിസി അധ്യക്ഷൻ അശോക് തൻവറിന് സീറ്റ് ഇല്ല. നിലവിലെ 17 എംഎൽഎമാരിൽ 16 പേർക്കും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ അവസാന 20 സ്ഥാനാർത്ഥികളെയും കോൺഗ്രസ് പ്രഖ്യാപിച്ചു.

മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ഗർഹി സാംപ്ല കിലോയിൽ നിന്നും കോൺഗ്രസ്സ് മാധ്യമ വിഭാഗം തലവൻ രൺദീപ് സിങ് സുർജേവാല കൈത്താലിൽ നിന്നും മത്സരിക്കും. ഐഎൻഎൽഡി വിട്ട് കോൺഗ്രസിൽ ചേർന്ന അശേക് അറോറയ്ക്കും, ജെപി സിംഗിനും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്. കുൽദീപ് ബിഷ്‌ണോയി ആദംപൂരിൽ നിന്ന് ജനവിധി തേടും. മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകൻ ചന്ദർ മോഹനും സീറ്റ്‌ നൽകിയിട്ടുണ്ട്.

 

മുൻ നിയമസഭ സ്പീക്കർ കുൽദീപ് ശർമ ഗനൗറിൽ നിന്ന് മത്സരിക്കും. മുൻ മുഖ്യമന്ത്രി ബെൻസി ലാലിന്റെ മകനും മരുമകൾക്കും സീറ്റ്‌ നൽകിയിട്ടുണ്ട്. മകൻ രൺവീർ മഹിന്ദ്ര ബദ്രയിലും മരുമകൾ കിരൺ ചൗധരി തോഷമിലും മത്സരിക്കും.

ഒക്ടോബർ 21നാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്. 24ന് ഫലപ്രഖ്യാപനം.

click me!