'ഇതാ തെളിവ്, ഞങ്ങൾ ഹരിയാനക്കാർ', കർഷകമാർച്ചിൽ തന്റെ ജനങ്ങളില്ലെന്ന ഹരിയാനമുഖ്യമന്ത്രിയുടെ വാക്കുകൾക്ക് മറുപടി

By Web TeamFirst Published Nov 29, 2020, 12:29 PM IST
Highlights

''ഖട്ടർ ജി, ഇത് നോക്കൂ. ഹരിയാനയിൽ നിന്നുള്ള കർഷകനായ എന്റെ തരിച്ചറിയൽ രേഖയാണിത്. വേണമെങ്കിൽ കൂടുതൽ രേഖകൾ ഹാജരാക്കാം...''

ദില്ലി: 'പ്രതിഷേധക്കാർ ഞങ്ങളിൽപ്പെട്ടവരല്ല' എന്ന ഹരിയാന മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ ഹരിയാനയിലെ കർഷകർ രം​ഗത്ത്. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരിൽ ഹരിയാനയിലെ കർഷകർ പെടില്ലെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ തിരിച്ചറിയൽ രേഖ പങ്കുവച്ചുകൊണ്ടാണ് കർഷകർ മുഖ്യമന്ത്രിക്ക് മറുപടി നൽകിയത്. 

''ഖട്ടർ ജി, ഇത് നോക്കൂ. ഹരിയാനയിൽ നിന്നുള്ള കർഷകനായ എന്റെ തരിച്ചറിയൽ രേഖയാണിത്. വേണമെങ്കിൽ കൂടുതൽ രേഖകൾ ഹാജരാക്കാം. ഹരിയാനക്കാരല്ലെങ്കിൽ പിന്നെ ഞങ്ങൾ എവിടെനിന്നുള്ളവരാണ്? പാക്കിസ്ഥാനിൽ നിന്നോ ?'' - ഹരിയാനയിലെ  രോഹ്തക് ജില്ലയിൽ നിന്നുള്ള കർഷകനായ നരേന്ദ​ർ സിം​ഗ് പറഞ്ഞു. തനിക്ക് ചുറ്റുമുള്ളവർ അടുത്ത ​ഗ്രാമങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഹരിയാനയിലെ റോഹ്തക്, സൊനേപത്, ഹിസാർ ജില്ലകളിൽ നിന്നുള്ള 1500 ഓളം കർഷകർ ദില്ലിയിലേക്കുള്ള പ്രതിഷേധയാത്രയുടെ ഭാ​ഗമാണ്. തങ്ങളുടെ ആവശ്യം അം​ഗീകരിക്കപ്പെടാതെ തിരിച്ചുവരില്ലെന്നാണ് ഇവർ പറയുന്നത്. നൂറിലേറെ പേർ പ്രതിഷേധത്തിലേക്ക് ഉടൻ എത്തിച്ചേരുമെന്നും അവർ കൂട്ടിച്ചേർത്തു. 

കർഷകരുടെ ദില്ലി ചലോ പ്രതിഷേധത്തിന് പിന്നിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് ആണെന്നാണ് കഴിഞ്ഞ ദിവസം ഖട്ടർ ആരോപിച്ചത്. മാത്രമല്ല, ഈ പ്രതിഷേധത്തിൽ നിന്ന് ഹരിയാനയിലെ കർഷകർ ഒഴിഞ്ഞുനിൽക്കുകയാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും ഖട്ടർ പറഞ്ഞിരുന്നു. അതേസമയം കർഷകമാർച്ചിനെ ഹരിയാന പൊലീസ് ലാത്തിയും ജലപീരങ്കിയുമുപയോ​ഗിച്ച് നേരിട്ടത് വലിയ വിവാദമായിരിക്കുകയാണ്. തന്റെ കർഷകരോട് ഖട്ടർ ചെയ്തത് പൊറുക്കാനാവില്ലെന്നും ഖട്ടർ മാപ്പുപറയണമെന്നും അമരീന്ദർ സിം​ഗ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 
 

click me!