സമരഭൂമിയിലെ കർഷകരുടെ മരണം; വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ഹരിയാന കൃഷിമന്ത്രി

By Web TeamFirst Published Feb 14, 2021, 9:04 AM IST
Highlights

തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും അത് ആരെയെങ്കിലും മുറിവേൽപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മന്ത്രി ജെ പി ദലാൽ പറഞ്ഞു. 

ദില്ലി: സമരഭൂമിയിലെ കർഷകരുടെ മരണം സംബന്ധിച്ച് നടത്തിയ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ഹരിയാന കൃഷിമന്ത്രി. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും അത് ആരെയെങ്കിലും മുറിവേൽപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മന്ത്രി ജെ പി ദലാൽ പറഞ്ഞു. വീട്ടിലായിരുന്നെങ്കിലും മരിക്കേണ്ട സമയത്ത് കർഷകർ മരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതു വരെ ഇരുന്നൂറിലധികം കർഷകരാണ് സമരത്തിനിടെ മരിച്ചത്.

ദില്ലി അതിർത്തികളിൽ ക‍ർഷകസമരം ഇപ്പോഴും തുടരുകയാണ്. പുൽവാമയിൽ വീരമൃത്യും വരിച്ച സെനിക‌ർക്ക് ഇന്ന് പ്രതിഷേധസ്ഥലങ്ങളിൽ കർ‍ഷകമെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിക്കും.  സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ കർ‍ഷകസംഘടനകളുടെ നേത്യത്വത്തിലുള്ള കിസാൻ മഹാപഞ്ചായത്ത് തുടരുകയാണ്. 

അതേസമയം, കാ‌‌ർഷിക നിയമങ്ങ‌ൾക്കെതിരെയുള്ള കർഷകസമരം ശക്തമായി തുടരുന്നതിനിടെ പഞ്ചാബിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. 117 മുൻസിപ്പൽ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇതിൽ എട്ട് മുനിസിപ്പൽ കോർപ്പറേഷനുകളും ഉൾപ്പെടും. 

കോൺഗ്രസ്, അകാലിദൾ, ബിജെപി, ആംആദ്മി പാർട്ടി എന്നിവരാണ് മത്സരരംഗത്തുള്ളത്. കാ‌ർഷികനിയമങ്ങളുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ വലിയ രോഷം പഞ്ചാബിൽ നിലനിൽക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ്. അകാലിദൾ സഖ്യം വിട്ടതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. എല്ലാം കൊണ്ടും ബിജെപിക്ക് ഏറെ നിർണ്ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. കർഷകസമരം മുഖ്യതെരഞ്ഞെടുപ്പ് വിഷയമായി കോൺഗ്രസ് അടക്കം ഉയർത്തിരുന്നു. ഈ മാസം 17നാണ് ഫലപ്രഖ്യാപനം. 

click me!