
ഹിസാര: ലൈംഗിക പീഡനശ്രമം തടയാൻ ശ്രമിച്ച യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന പാസഞ്ചർ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ടു. പീഡനശ്രമം ചെറുത്ത 35 കാരിയായ യുവതിയെ ആണ് മകന്റെ മുമ്പിൽ വച്ച് ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. യുവതിയുടെ മൃതദേഹം പിന്നീട് റെയിൽവേ ട്രാക്കിൽ കണ്ടെത്തി. ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ തൊഹാനയിൽ താമസിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
തന്റെ ഒമ്പത് വയസ്സുള്ള മകനുമായി മാതൃ വീട്ടിൽ നിന്ന് മടങ്ങുന്ന വഴിയിലായിരുന്നു സംഭവം. യാത്രാ മധ്യേ ട്രെയിനിൽ കയറിയ ആളാണ് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ റെയിൽവേ പൊലീസ് കേസെടുത്തു. ടോഹാനയിലെ കൽവാൻ വല്ലേജ് സ്വദേശിായ സന്ദീപിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിക്കൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത് .
2011-ലാണ് റോഹ്തക്കിലെ ഖരന്തി ഗ്രാമത്തിലെ യുവതിയുമായി താൻ വിവാഹിതനായെന്നും തങ്ങൾക്ക് രണ്ട് കുട്ടികളുണ്ടെന്നും പരാതിയിൽ ഭർത്താവ് പറഞ്ഞു. യുവതി മകനോടൊപ്പം ബസിൽ ഖരിന്തിയിലെ മാതൃ വീട്ടിലേക്ക് പോയിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഖരിന്തി റെയിൽവേ സ്റ്റേഷനിൽ നിന്ന് തൊഹാനയിലേക്ക് പാസഞ്ചർ ട്രെയിനിൽ കയറി. രാത്രി 9 മണിയോടെ തോഹാന റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ, പരിഭ്രാന്തനായ മകൻ പിതാവിനോട് സംഭവം വിശദീകരിച്ചു.
Read more: കടയിൽ സാധനം വാങ്ങാൻ പോയി തിരിച്ചുവന്നില്ല, തിരച്ചിലിൽ റോഡരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
ഒരു യുവാവ് ആദ്യം അമ്മയെ പീഡിപ്പിക്കുകയും മർദിക്കുകയും തുടർന്ന് ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിടുകയും ചെയ്തുവെന്ന് അവൻ പറഞ്ഞു. മകനോടൊപ്പം റെയിൽവേ ലൈനുകളിൽ ഭാര്യയെ തിരഞ്ഞപ്പോൾ പുലർച്ചെ നാല് മണിയോടെ പാളത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.