
ദില്ലി: പാർലമെന്റിൽ ബിജെപി എംപി രമേശ് ബിദുരി തനിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് ഡാനിഷ് അലി എംപി. പ്രധാനമന്ത്രി മൗനം വെടിയണമെന്നും സംഭവത്തെ അപലപിക്കണമെന്നും ഡാനിഷ് അലി എംപി കത്തിലൂടെ ആവശ്യപ്പെട്ടു. തന്റെ സുരക്ഷ കൂട്ടണമെന്നും രമേഷ് ബിദുരിക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഡാനിഷ് അലി ആവശ്യപ്പെട്ടു. ഡാനിഷ് അലി ലോക്സഭാ സ്പീക്കർക്ക് നൽകിയ പരാതി കഴിഞ്ഞ ദിവസം പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു. പ്രസംഗത്തിനെതിരെ സഭയിൽ വ്യാപകമായ വിമർശനം ഉയർന്നതോടെ പരാമർശം പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്തിരുന്നു.
പരാമർശത്തിന്റെ പേരിൽ രമേഷ് ബിദുരിക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും ഈ വിവാദത്തിന് ശേഷവും അദ്ദേഹത്തിന്, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ടോംഗ് മണ്ഡലത്തിന്‍റെ ചുമതല ബിജെപി നൽകിയിരുന്നു. രമേശ് ബിദുരിക്ക് പുതിയ പദവി നൽകിയ ബിജെപി, നിയമത്തേയും ജനങ്ങളേയും വെല്ലുവിളിക്കുയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. പുതിയ പദവി നൽകിയതോടെ രമേശ് ബിദുരിക്കെതിരെ കൂടുതൽ നടപടി ഉണ്ടാകില്ലെന്നും ഉറപ്പായി.
എന്നാല്‍ ഡാനിഷ് അലി പ്രധാനമന്ത്രിയെ 'നീച്' എന്ന് വിളിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. ഇതിൽ പ്രകോപിതനായാണ് രമേശ് ബിദുരി ഡാനിഷ് അലിക്കെതിരെ പരാമർശങ്ങൾ നടത്തിയതെന്നും ബിജെപി വിശദീകരിച്ചു. എന്നാൽ താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെങ്കില്‍ അതിന്‍റെ വീഡിയോ എവിടെയെന്ന് ഡാനിഷ് അലി എംപി ചോദിച്ചു. മോദിയെ അധിക്ഷേപിച്ചെങ്കില്‍ മറ്റ് ബിജെപി എംപിമാർ ചിരിച്ചുകൊണ്ട് ഇരുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam