ഇന്‍കെലിന് എതിരെ ഉയര്‍ന്ന അഴിമതിയെ കുറിച്ച് ഇന്‍കെല്‍ എം.ഡിയെ കൊണ്ടു തന്നെ അന്വേഷിപ്പിക്കുകയെന്ന വിരോധാഭാസമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്

തിരുവനന്തപുരം: എ.ഐ ക്യാമറയിലും കെ -ഫോണിലും നടന്നതിനു സമാനമായ അഴിമതിയാണ് കെ.എസ്.ഇ.ബിയുടെ സൗരോര്‍ജ പദ്ധതികളിലും നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളെയും സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനികളെയും മറയാക്കി സംസ്ഥാനത്ത് ഒരേ രീതിയിലുള്ള അഴിമതിയാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. 

കഞ്ചിക്കോടും ബ്രഹ്‌മപുരത്തുമായി ഏഴ് മെഗാവാട്ട് സൗരോര്‍ജ പദ്ധതിയില്‍ മാത്രം അഞ്ച് കോടിയോളം രൂപയുടെ കോഴ ഇടപാടാണ് നടന്നത്. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ വ്യവസായ മന്ത്രി ചെയര്‍മാനായ ഇന്‍കെലിനാണ് കെ.എസ്.ഇ.ബി നല്‍കിയത്. എന്നാല്‍ ചട്ടവിരുദ്ധമായി ഈ കരാര്‍ 2020 ജൂണില്‍ 33.95 കോടി രൂപയ്ക്ക് തമിഴ്‌നാട് ആസ്ഥാനമായുള്ള റിച്ച് ഫൈറ്റോകെയര്‍ എന്ന കമ്പനിക്ക് ഇന്‍കെല്‍ ഉപകരാറായി നല്‍കി. ഒരു വാട്ടിന് 56 രൂപ നിരക്കില്‍ കെ.എസ്.ഇ.ബി നല്‍കിയ കരാറാണ് 44 രൂപയ്ക്ക് ഇന്‍കെല്‍ സ്വകാര്യ കമ്പനിക്ക് മറിച്ചു വിറ്റത്. 

ചട്ടം ലംഘിച്ചുള്ള ഉപകരാറിനെയും അഴിമതിയെയും കുറിച്ച് മൂന്ന് വര്‍ഷം മുന്‍പ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. എന്നിട്ടും അഴിമതിക്ക് കുടപിടിക്കുകയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇന്‍കെലിന് എതിരെ ഉയര്‍ന്ന അഴിമതിയെ കുറിച്ച് ഇന്‍കെല്‍ എം.ഡിയെ കൊണ്ടു തന്നെ അന്വേഷിപ്പിക്കുകയെന്ന വിരോധാഭാസമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. തന്‍റെ വ്യാജ ഒപ്പിട്ടാണ് കരാര്‍ നേടിയതെന്ന ഇന്‍കെല്‍ മുന്‍ എം.ഡിയുടെ വെളിപ്പെടുത്തലില്‍ ശാസ്ത്രീയ പരിശോധന പോലും നടത്തിയിട്ടില്ല. 

സ്വന്തക്കാരെക്കൊണ്ട് അന്വേഷണം നടത്തി അഴിമതി ഒതുക്കി തീര്‍ക്കാനുള്ള ശ്രമം പ്രതിപക്ഷം അനുവദിക്കില്ല. ഇന്‍കെലിന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തിയിലുള്ള സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു