ഹാഥ്റസ് കേസ്: നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയ ഡോക്ടറെ പുറത്താക്കി

By Web TeamFirst Published Oct 21, 2020, 11:16 PM IST
Highlights

ഹാഥ്റസ് ബലാൽസംഗ കൊലപാതക കേസിൽ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയ അലിഗഡ് മെഡിക്കൽ കോളേജിലെ ഡോക്ടറെയാണ് പുറത്താക്കിയത്

അലിഗഡ്: ഹാഥ്റസ് പെണ്‍കുട്ടി ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന യു.പി പൊലീസ് വാദം തള്ളിയ ഡോക്ടറെ പുറത്താക്കി. അലിഗഡ് മെഡിക്കൽ കോളേജിലെ താൽകാലിക ചീഫ് മെഡിക്കൽ ഓഫീസര്‍ ഡോ. അസീം മാലിഖനെയാണ് പുറത്താക്കിയത്. ബലാൽസംഗം നടന്നോ എന്ന് പരിശോധിക്കാൻ 11 ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ സാമ്പിൾ ശേഖരിച്ചതെന്ന ഡോക്ടറുടെ വെളിപ്പെുത്തൽ വിവാദമായിരുന്നു.

 ഹാഥ്റസ് ബലാൽസംഗ കൊലപാതക കേസിൽ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയ അലിഗഡ് മെഡിക്കൽ കോളേജിലെ ഡോക്ടറെയാണ് പുറത്താക്കിയത്. പെണ്‍കുട്ടിക്ക് ചികിത്സ നൽകിയ താൽകാലിക ചീഫ് മെഡിക്കൽ ഓഫീസര്‍ ഡോ. അസിം മാലിഖിന് ഇക്കാര്യം അറിയിച്ച് മെഡിക്കൽ കോളേജ് കത്ത് നൽകി. നവംബര്‍വരെ തുടരാൻ അനുവദിക്കണം എന്ന ഡോക്ടറുടെ അപേക്ഷ തള്ളിയാണ് തീരുമാനം.

പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നും വിശദമായ പരിശോധന വേണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നതായി ഡോക്ടര്‍ അസിം മാലിക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാത്രമല്ല, പതിനൊന്ന് ദിവസത്തിന് ശേഷമാണ് ബലാൽസംഗം നടന്നിട്ടുണ്ടോ എന്ന പരിശോധനക്കായി സാമ്പിൾ ശേഖരിച്ചതെന്ന്നും ഡോക്ടര്‍ വെളിപ്പെടുത്തി.

യു.പി പൊലീസിനെയും സര്‍ക്കാരിനെയും സംശയത്തിന്‍റെ നിഴലിലാക്കിയ വെളിപ്പെടുത്തൽ സിബിഐ അടക്കം പരിശോധിക്കാനിരിക്കെയാണ് അലിഗഡ് മെഡിക്കൽ കോളേജിന്‍റെ നടപടി. ഹാഥ്റസ് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും എസ്.ഐ.ടി സംഘം ഇതുവരെ റിപ്പോര്‍ട്ട് നൽകിയിട്ടില്ല. 

സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. ഹാഥ്റസിൽ കാലപാമുണ്ടാക്കാൻ ശ്രമിച്ചു എന്ന പുതിയ കേസിൽ കൂടി പ്രതിചേര്‍ത്ത മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരെ ഇന്നലെ മധുര കോടതിയിൽ ഹാജരാക്കി. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി നവംബര്‍ 4വരെ നീട്ടി. 

click me!