ഫീസ് വർധനവിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ കാണാൻ വിസമ്മതിച്ച കലക്ടർ ടീന ദാബിക്കെതിരെ പ്രതിഷേധം. കലക്ടർ 'റീൽ സ്റ്റാർ' ആണെന്നും മാധ്യമശ്രദ്ധയുള്ള പരിപാടികളിൽ മാത്രമാണ് താൽപര്യമെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

ജയ്പൂർ: ഫീസ് വർധനവിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ കാണാൻ വിസമ്മതിച്ച ബാർമർ കലക്ടർ ടീന ദാബിക്കെതിരെ പ്രതിഷേധം. കലക്ടർ 'റീൽ സ്റ്റാർ' ആണെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. മാധ്യമ ശ്രദ്ധ ലഭിക്കുന്ന പരിപാടികളിൽ മാത്രമേ കലക്ടർക്ക് താത്പര്യമുളളൂവെന്നും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഒരു ആത്മാർത്ഥതയുമില്ലെന്നുമാണ് വിമർശനം.

രാജസ്ഥാൻ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഫീസ് വർധനവിനെതിരെ പ്രതിഷേധിച്ചത്.ബാർമറിലെ മഹാറാണ ഭൂപാൽ കോളേജിലെ പരീക്ഷാ ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരം. കലക്ടർ ടിന ദാബി തങ്ങളെ കാണാൻ തയ്യാറായില്ലെന്ന് മാത്രമല്ല അറസ്റ്റ് ചെയ്യിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു.

ഈ പ്രശ്നത്തിൽ കലക്ടറുടെ ഇടപെടൽ ആവശ്യമില്ല എന്നായിരുന്നു ടിന ദാബിയുടെ പ്രതികരണം. തഹസിൽദാറും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ഇതിനകം തന്നെ വിദ്യാർത്ഥികളുമായി സംസാരിച്ചിട്ടുണ്ട്. ഫീസ് വർദ്ധനവ് പിൻവലിക്കുമെന്ന് വൈസ് ചാൻസലർ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകിയതാണെന്നും ടിന ദാബി പറഞ്ഞു. എന്നാൽ കലക്ടർ തങ്ങളെ കാണാൻ തയ്യാറാകാതിരുന്നത് അവർ റീൽ സ്റ്റാർ ആയതുകൊണ്ടാണെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. മാധ്യമ ക്യാമറകൾ എത്തുന്ന പരിപാടികളിൽ മാത്രമേ അവർക്ക് താത്പര്യമുള്ളൂവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. തങ്ങളെ അറസ്റ്റ് ചെയ്യാനും ജില്ലാ ഭരണകൂടം നിർദേശം നൽകിയതായി വിദ്യാർത്ഥികൾ വിമർശിച്ചു.

ടിന ദാബിയുടെ പ്രതികരണം

സംഭവം നടക്കുമ്പോൾ താൻ മെഡിക്കൽ കോളജിൽ ഒരു പരിപാടിയിലായിരുന്നുവെന്ന് ടിന ദാബി പറഞ്ഞു. ചില വിദ്യാർത്ഥികൾ റോഡ് ഉപരോധിച്ചു. ഗതാഗത തടസ്സമുണ്ടാക്കിയാൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പ്രശ്നം പരിഹരിക്കുക എന്നത് സാധാരണ നടപടിക്രമമാണ്. അല്ലാതെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ലെന്ന് കലക്ടർ പറഞ്ഞു.

"വിദ്യാർത്ഥികളെ ബലമായി കൊണ്ടുപോകുന്നതിന്‍റെയോ കൈയേറ്റം ചെയ്യുന്നതിന്‍റെയോ വീഡിയോയോ അവരെ അറസ്റ്റ് ചെയ്തതിന്റെ തെളിവോ ആർക്കെങ്കിലും ഹാജരാക്കാൻ കഴിയുമോ?" എന്നാണ് ടിന ദാബിയുടെ ചോദ്യം. ഒരു നിമിഷത്തേക്ക് വൈറലാകാൻ വേണ്ടി വിദ്യാർത്ഥികൾ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ടിന ദാബി വിമർശിച്ചു.

രാജസ്ഥാൻ കേഡറിലെ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ടിന ദാബി. യുപിഎസ്‍സി പരീക്ഷയിൽ ഒന്നാം റാങ്കോടെയാണ് അവർ ഐഎഎസ് ആയത്. അവരുടെ വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവുമെല്ലാം വാർത്തകളിൽ നിറയാറുണ്ട്.