
ദില്ലി: ഹാഥ്റസിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തിപ്പെടുത്താൻ കോൺഗ്രസ് . ദേശവ്യാപക പ്രതിഷേധമാണ് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നത്. നാളെ രാജ്യമാകെ സത്യാഗ്രഹ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇന്നലെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പെൺകുട്ടിയുടെ ബന്ധുക്കളെ സമീപിച്ചിരുന്നു. നിയമപരമായ എല്ലാ സഹായാവും പിന്തുണയും ഇരുവരും വാദ്ഗാനം ചെയ്തിട്ടുണ്ട്.
രാജ്യ ശ്രദ്ധതന്നെ ഹാഥ്റസിലേക്ക് എത്തുമ്പോൾ യോഗി ആദിത്യനാഥ് രാജി വക്കണം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം എന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ പ്രക്ഷോഭമായി വളര‍്ത്തിയെടുക്കാൻ തന്നെയാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും അടക്കം കാര്‍ഷക ബില്ലിനെതിരായ കര്‍ഷകരുടെ പ്രക്ഷോഭത്തിൽ അണി ചേര്‍ന്ന ശേഷം രാഹുൽ ഗാന്ധി ദില്ലിയിൽ തിരിച്ചെത്തുന്നതോടെ തുടര്‍ സമരങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും സജീവമാക്കാനാണ് കോൺഗ്രസ് നീക്കം.
അതേസമയം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ട സിബിഐ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ. നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുമാണ് പെൺകുട്ടിയുടെ കുടുംബത്തിന്‍റെ നിലപാട്. മൃതദേഹം കാണാൻ പോലും പൊലീസ് അനുവദിച്ചിരുന്നില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് പ്രതികളുടെ ബന്ധുക്കൾ ഹാഥ്റസിൽ യോഗം വിളിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യോഗം.
വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആദ്യം ഹാഥ്റസിലേക്ക് പുറപ്പെട്ടത്. ദില്ലി - യുപി അതിർത്തിയിലുള്ള ഗ്രേറ്റർ നോയ്ഡയിൽ യമുന എക്സ്പ്രസ് വേയിൽ വാഹനം തടഞ്ഞ പൊലീസ് ഇരുവരേയും തിരിച്ചയക്കുകയായിരുന്നു. രാഹുലും പ്രിയങ്കയും ഇറങ്ങി നടക്കാൻ തുടങ്ങിയതോടെ പൊലീസുമായി ഉന്തും തള്ളും ബഹളവുമൊക്കെയായി. കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
അതിന് ശേഷം ഇന്നലെ വീണ്ടും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും 32 എംപിമാരും ഹഥ്റാസിലേക്ക് പുറപ്പെടുകയും നാടകീയ നീക്കങ്ങൾക്കൊടുവിൽ അവര്‍ക്ക് ഗ്രാമത്തിലേക്ക് പ്രവേശനം കിട്ടി. അവര്‍ പെൺകുട്ടിയുടെ കുടുംബവുമായി സംസാരിക്കുകയും ചെയ്തിരുന്നു, കക്ഷി രാഷ്ട്രീയ ഭേദങ്ങൾക്ക് അപ്പുറത്ത് വലിയ വാര്‍ത്താ പ്രാധാന്യമാണ് സംഭവത്തിന് രാജ്യമൊട്ടാകെ കിട്ടിയത്. സോഷ്യൽ മീഡിയയിൽ അടക്കം വലിയ സ്വീകാര്യതയും കോൺഗ്രസ് ഇടപെടലിനുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam