ഹഥ്റാസിൽ ആദിത്യനാഥ് സർക്കാർ കുരുക്കിൽ; സിബിഐയിലൂടെ രോഷം തണുപ്പിക്കാൻ ബിജെപി

By Web TeamFirst Published Oct 2, 2020, 12:30 PM IST
Highlights

കോൺഗ്രസ് പ്രതിഷേധത്തിനു പിന്നാലെ നിലപാട് കടുപ്പിച്ച ബിഎസ്പി അദ്ധ്യക്ഷ മായാവതി യുപി സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. കേസ് സിബിഐക്കു കൈമാറി പ്രതിസന്ധി മറികടക്കാനാണ് ബിജെപി ആലോചിക്കുന്നത്.

ലഖ്നൗ: ഹഥ്രാസിൽ പത്തൊമ്പതുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ഇടപെടൽ യോഗി ആദിത്യനാഥ് സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കെ പ്രതിപക്ഷം സമരം ശക്തമാക്കുന്നു. കോൺഗ്രസ് പ്രതിഷേധത്തിനു പിന്നാലെ നിലപാട് കടുപ്പിച്ച ബിഎസ്പി അദ്ധ്യക്ഷ മായാവതി യുപി സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. കേസ് സിബിഐക്കു കൈമാറി പ്രതിസന്ധി മറികടക്കാനാണ് ബിജെപി ആലോചിക്കുന്നത്.

അടുത്ത കാലത്ത് കോൺഗ്രസിന് ദേശീയതലത്തിൽ ഉയർത്താൻ കഴിഞ്ഞ ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഇന്ന് യമുന എക്സ്പ്രസ് വേയിൽ കണ്ടത്. തെരുവിലേക്കിറങ്ങാൻ അഖിലേഷ് യാദവിൻറെ സമാജ് വാദി പാർട്ടിയേയും മായാവതിയുടെ ബിഎസ്പിയേയും കോൺഗ്രസ് സമരം പ്രേരിപ്പിച്ചിരിക്കുകയാണ്. ഉത്തർപ്രദേശ് സർക്കാരിനെ പിരിച്ചു വിടണം എന്ന് മായാവതി ആവശ്യപ്പെട്ടപ്പോൾ ഹഥ്രാസിലേക്കുൾപ്പടെ പ്രതിഷേധ മാർച്ച് നടത്താനാണ് അഖിലേഷ് യാദവിൻറെ തീരുമാനം. പ്രിയങ്കഗാന്ധി ഇന്നു വൈകിട്ട് വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. 

മഹാത്മഗാന്ധി രാജ്യത്തിനു നല്കിയ മഹത്തരമായ മൂല്യങ്ങൾക്കു വിരുദ്ധമാണ് ഇന്നത്തെ യാഥാർത്ഥ്യമെന്ന് കേസ് സ്വമേധയാ പരിഗണിച്ച അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഗാന്ധിജയന്തി ദിനത്തിൽ പുറത്തുവന്ന ഈ വാക്കുകൾ യോഗി ആദിത്യനാഥ് സർക്കാരിനും ബിജെപിക്കും ഏല്പിക്കുന്ന ആഘാതം വലുതാണ്. പെൺകുട്ടിയുടെ മൃതദ്ദേഹം തിരക്കിട്ട് സംസ്കരിച്ചതും മാധ്യമങ്ങളെ പോലും ഗ്രാമത്തിനു പുറത്ത് തടയുന്നതും പൊലീസിനെ സംശയത്തിൻറെ നിഴലിലാക്കുന്നു. കുടുംബത്തെകാണാൻ ചില ബിജെപി ജനപ്രതിനിധികളെ അനുവദിച്ചു. ജില്ലാ മജിസ്ട്രേറ്റ് കുടുംബത്തിനു മേൽ സമ്മർദ്ദം ചെലുത്തുന്ന ദൃശ്യങ്ങളും ഹൈക്കോടതി പരിഗണിക്കാനാണ് സാധ്യത. ദളിത് രോഷവും നേരിടുന്ന സാഹചര്യത്തിൽ കേസ് വരുന്ന 12നു മുമ്പ് സിബിഐക്ക് കൈമാറി വിഷയം തണുപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്.

സിബിഐ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശ് പൊലീസിൽ വിശ്വാസമില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. നീതി ഉറപ്പാക്കാനാണ് പൊലീസ് അന്വേഷണമെന്ന് സർക്കാർ പറഞ്ഞു. എന്നാൽ, പൊലീസ് ഇപ്പോൾ ചെയ്യുന്നത് അംഗീകരിക്കാനാകുന്നില്ല. തങ്ങളെ വീടിനു പുറത്തേക്ക് പോലും വിടുന്നില്ല. ആരോടും സംസാരിക്കാനാകുന്നില്ല. വീടും പരിസരവും മുഴുവൻ പൊലീസാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. 

 

click me!