'മക്കൾക്ക് ആഹാരം വാങ്ങാൻ വേണ്ടിയാണ് പുറത്തുപോയത്'; ദില്ലി സംഘർഷത്തിൽ കൊല്ലപ്പെട്ട വ്യക്തിയെക്കുറിച്ച് സഹോദരൻ

By Web TeamFirst Published Feb 25, 2020, 2:59 PM IST
Highlights

''എന്റെ ലോകം തന്നെ അവസാനിച്ചത് പോലെ തോന്നുന്നു. ഇനി ഒന്നും അവശേഷിക്കുന്നില്ല. മക്കൾ തീരെ ചെറിയ കുട്ടികളാണ്. ഒരു മകനും ഒരു മകളുമുണ്ട്.'' ഇമ്രാൻ തൊണ്ടയിടറി പറ‍ഞ്ഞു.
 

ദില്ലി: പൗരത്വ നിയമ ഭേദ​ഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരംഭിച്ച സംഘർഷം വർ​ഗീയ കലാപത്തിന് വഴി തെളിച്ചപ്പോൾ ജീവൻ നഷ്ടമായത് ഏഴ് പേർക്കാണ്. ‌കുഞ്ഞുങ്ങൾക്ക് ആഹാരം വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയ ഒരു പിതാവുമുണ്ട് മരിച്ചവരുടെ കൂട്ടത്തിൽ. സഹോദരൻ മുഹമ്മദ് ഫുർകാൻ മരിച്ചെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് ഇമ്രാന് ഇതുവരെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കരകൗശല വ്യാപാരികളായിരുന്നു ഈ സഹോദരങ്ങൾ. ദില്ലിയിലെ വടക്കു കിഴക്കൻ പ്രദേശമായ കർത്താർപുരിയിലാണ് ഇവർ താമസിച്ചിരുന്നത്. സംഘർഷം പൊട്ടിപ്പുറപ്പെട്ട ജഫ്രാബാദ് ഈ സ്ഥലത്തിന് സമീപത്താണ്.

''ഉച്ചയ്ക്ക് ശേഷം 2.30 ന് ഞാൻ അദ്ദേഹത്തെ കാണാൻ പോയതാണ്. അയാള്‍ വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇമ്രാന്‍ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് കടകളെല്ലാം അടച്ചിരുന്നതിനാല്‍ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു അദ്ദേഹം. ''പിന്നീട്  ആരോ വിളിച്ചിട്ട് എന്നോട് പറഞ്ഞു, നിങ്ങളുടെ സഹോദരന്റെ കാലിൽ വെടിയേറ്റു എന്ന്. എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ഞാൻ അപ്പോൾ തന്നെ അദ്ദേഹത്തെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. അപ്പോഴേയ്ക്കും എനിക്ക് ആധിയായി.'' ഇമ്രാൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് നിരവധി പേർ‌ ഇമ്രാനെ ഫോണിൽ വിളിച്ചു. സഹോദരന് വെടിയേറ്റു എന്നും ജിറ്റിബി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി എന്നുമാണ് വിളിച്ചവർ അറിയിച്ചത്. 

''ഞാൻ ഹോസ്പിറ്റലിലേക്ക് ഓടി. പക്ഷേ ഞാനെത്തിയപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു. എങ്ങനെയെങ്കിലും രക്ഷിക്കാൻ ഞാൻ ഡോക്ടേഴ്സിനോട് അപേക്ഷിച്ചു. എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ രക്ഷിക്കാമായിരുന്നു എന്നായിരുന്നു അവരുടെ മറുപടി. രക്ഷപ്പെടാൻ യാതൊരു സാധ്യതയും ഉണ്ടായിരുന്നില്ല. എന്റെ ലോകം തന്നെ അവസാനിച്ചത് പോലെ തോന്നുന്നു. ഇനി ഒന്നും അവശേഷിക്കുന്നില്ല. മക്കൾ തീരെ ചെറിയ കുട്ടികളാണ്. ഒരു മകനും ഒരു മകളുമുണ്ട്.'' ഇമ്രാൻ തൊണ്ടയിടറി പറ‍ഞ്ഞു.

സംഘർഷത്തിൽ കൊല്ലപ്പട്ട ഏഴുപേരിൽ ​ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ രത്തൻലാൽ എന്ന പൊലീസുകാരനും ഉൾപ്പെടുന്നു. നൂറിലധികം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. പേരും മതവും ചോദിച്ചാണ് ദില്ലിയിൽ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ നിരവധി പെട്രോൾ ബങ്കുകൾക്ക് കലാപകാരികൾ തീയിട്ടു. അമ്പതിലധികം വാഹനങ്ങളും അഗ്നിക്കിരയാക്കി. മാധ്യമങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. ഗോകുൽപുരിയിൽ ടയർ മാർക്കറ്റ് കത്തിച്ചു. മൗജ്‍പൂരിൽ ഇന്ന് രാവിലെ ഒരു ഇ- റിക്ഷയിൽ സഞ്ചരിക്കുന്നവർക്ക് നേരെ അക്രമമുണ്ടായി, ഇവരെ കൊള്ളയടിച്ച് കയ്യിലുള്ളത് മുഴുവൻ അക്രമികൾ കൈക്കലാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

click me!